സഭയില്‍ മെഡിക്കല്‍ കോഴ: ശ്രദ്ധ തിരിക്കാന്‍ ബിജെപി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി

ബിജെപിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സമയത്ത് സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തരവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷമാണ് ബിജെപിയുടെ മെഡിക്കല്‍ കോഴ ഉന്നയിച്ചത്. മെഡിക്കല്‍ കോഴ സിബിഐ അന്വേഷിക്കണമെന്ന് പാറയ്ക്കല്‍ അബ്ദുളള എംഎല്‍എ ആവശ്യപ്പെട്ടു.
ബിജെപിക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു.തല്‍ക്കാലം വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഴിമതി നടത്തുന്നു. അതില്‍ നിന്നും ശ്രദ്ധതിരിക്കാനും ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ സംസ്ഥാനത്ത് വലിയ തോതിലുളള ആക്ഷേപങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്നുവന്നപ്പോള്‍ വല്ലാത്ത ബഹുജന ശ്രദ്ധ അക്കാര്യങ്ങളില്‍ ഉയര്‍ന്നുവരികയുണ്ടായി. ഈ ശ്രദ്ധ തിരിച്ചുവിടുന്നതിന് ചില നടപടികള്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനിടയുണ്ടെന്ന് നമ്മുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്ന കാര്യമാണ്. ഇന്റലിജന്‍സ് അതുമായി ബന്ധപ്പെട്ട ചില കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. അത്തരത്തിലുളള നടപടികള്‍ ഉണ്ടാകാതിരിക്കാനുളള ജാഗ്രതയും പാലിച്ചുപോന്നിരുന്നു.”

പിണറായി വിജയന്‍, മുഖ്യമന്ത്രി

ബിജെപി പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷിക്കും. കൊല്ലത്ത് വ്യാപാരിയില്‍ നിന്നും ബിജെപി നേതാക്കള്‍ പണം ആവശ്യപ്പെട്ട സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ബിജെപി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണമെന്ന് എം. സ്വരാജ് എംഎല്‍എ സഭയില്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.