മതസ്പര്‍ദ്ധ കേസ്: സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. വിവാദമായ അഭിമുഖം റെക്കോർഡ് ചെയ്തിന്റെ സിഡി വാരിക ലേഖകൻ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമത്വം നടന്നെന്നു ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു.
സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സെന്‍കുമാറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 29 നാണ് സൈബര്‍സെല്ലിനു മുമ്പാകെ സെന്‍കുമാര്‍ ഹാജറായത്. രണ്ട് ജാമ്യാക്കാരെ ഹാജരാക്കിയ ശേഷം അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് സെന്‍കുമാറിനെ വിട്ടയക്കുകയായിരുന്നു. അഭിമുഖം സംബന്ധിച്ച രേഖകള്‍ വാരിക കോടതിയില്‍സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘം ഈ രേഖകള്‍ കോടതിയില്‍ നിന്ന് സ്വീകരിക്കും.
മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഡിജിപി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്. അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് സെന്‍കുമാറിനെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖാപിക്കുകയും ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച എട്ടു പരാതികള്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് കൈമാറുകയും ചെയ്തു. നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. ആര്‍എസ്എസിന് അനുകൂലമായിട്ടും മുസ്ലിം സമൂഹത്തിനെതിരെയുമായിരുന്നു മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണ്. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല.

ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം.

ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.