മഅ്ദനി ഇന്ന് കേരളത്തിലെത്തും

കരുനാഗപ്പള്ളി: നിയമപോരാട്ടത്തിനും നീണ്ട അനിശ്ചതത്വത്തിനുമൊടുവില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും.
ഞായറാഴ്ച്ച രാവിലെ ബെംഗളുരു ബെന്‍സല്‍ ടൗണില്‍ നിന്ന് സഹായികള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമൊപ്പം യാത്ര പുറപ്പെട്ടു. ഉച്ചയ്ക്ക് 2:20ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര തിരിക്കും. ഉച്ച കഴിഞ്ഞ് 3:30ന് വിമാനം നെടുമ്പാശ്ശേരിയിലെത്തും. നെടുമ്പാശ്ശേരിയില്‍ നിന്ന് വാഹനത്തില്‍ കരുനാഗപ്പള്ളി അന്‍വാരശ്ശേരിയിലെ വീട്ടിലേക്ക് പുറപ്പെടും.
മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനുമായാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാണ് അനുമതി. ബുധനാഴ്ച്ചയാണ് ഉമര്‍ മുക്താറിന്റെ വിവാഹം.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ അകമ്പടി ചെലവായി കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷത്തോളം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിനെ മഅ്ദനി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടി ഇടപെടലില്‍ സുരക്ഷാ ചെലവ് 1.18 ലക്ഷം രൂപയായി. മഅ്ദനിയുടെ അഭിഭാഷകനായ ഉസ്മാന്‍ ശനിയാഴ്ച്ച 1.18 ലക്ഷം രൂപയുടെ ഡിഡി ബെംഗളുരു സിറ്റി കമ്മീഷണര്‍ സുനില്‍ കുമാറിന് കൈമാറിയിരുന്നു. ദിവസേനയുള്ള യാത്രാ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.