ജാമ്യം തടയാന്‍ കരുതലോടെ പൊലീസ്; ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന- ദിലീപിനെതിരായി കുറ്റപത്രം ഒരുങ്ങുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച് ദിലീപിന്‍റെ ജാമ്യം തടയാന്‍ പൊലീസ് നീക്കം. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ദിലീപിനെതിരെ കുറ്റപത്രം തയ്യാറാകുന്നത്. വളരെ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അവസരം കൂടി നല്‍കാതെ കുറ്റപത്രം വേഗത്തില്‍ നല്‍കി ജാമ്യം തടയാനുള്ള നീക്കമാണ് പൊലീസിന്‍റേത്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കരുതലോടെയുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്.
90 ദിവസത്തിനുള്ളില്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതി. എന്നാല്‍ ഈ മാസം അവസാനം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ പൊലീസ് ഉള്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്. നടിയെ ആക്രമിച്ച കേസ്, ഇതിനു പിന്നിലെ ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കുന്നത്. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പൊലീസ് ശ്രമം. സാക്ഷി മൊഴികളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെയുള്ള കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണെങ്കിലും പുതിയ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും എന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ദിലീപ് അഭിഭാഷകനെ മാറ്റി രണ്ടാമതും ഹെെക്കോടതിയെ ജാമ്യത്തിന് സമീപിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കേസ് ഡയറിയും അതീവ ജാഗ്രതയോടെയാണ് പൊലീസ് തയ്യാറാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.