ദിലീപിന് വേണ്ടി ഇനി അഡ്വ: ബി.രാമന്‍പിള്ള; ജാമ്യാപേക്ഷ തിങ്കളാഴ്ച നല്‍കിയേക്കും, അപ്പുണ്ണി മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടും

നടി അക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അഡ്വ: ബി.രാംകുമാറായിരുന്നു ദിലീപിനുവേണ്ടി മുന്‍പ് ഹാജരായതെങ്കില്‍ അഡ്വ: ബി.രാമന്‍പിള്ളയാണ് പുതിയ അഭിഭാഷകന്‍. മാനേജര്‍ അപ്പുണ്ണിയുള്‍പ്പെടെ ദിലീപുമായി അടുപ്പമുള്ള ചിലരെ ഇനിയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആദ്യത്തെ ജാമ്യാപേക്ഷ തള്ളാനിടയാക്കിയ ഒരു കാരണമെങ്കില്‍ ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ. അപ്പുണ്ണി കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
ജാമ്യത്തിനായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മുന്‍ അഭിഭാഷകന്‍ അഡ്വ: ബി.രാംകുമാറിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തൊണ്ടിമുതലുകളായ, നടി അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ അക്കാര്യമാവും ദിലീപിന് ജാമ്യം നല്‍കരുതെന്ന് വാദിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും അപൂര്‍വ്വവും ഗുരുതരവുമായ കുറ്റകൃത്യമാണിതെന്നും നേരത്തേ ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍ത്തന്നെ എല്ലാവിധ കരുതലുകളോടെയും മാത്രമേ ഇത്തരം കേസുകളില്‍ കോടതി ജാമ്യം അനുവദിക്കാറുള്ളുവെന്നും.

© 2024 Live Kerala News. All Rights Reserved.