മഞ്ജു വാര്യരല്ല ദിലീപിന്റെ ആദ്യഭാര്യയെന്ന് സൂചന; പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു

മഞ്ജു വാര്യര്‍ക്ക് മുന്‍പേ ദിലീപ് വിവാഹം കഴിച്ചിരുന്നതായി സൂചന. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ വിവാഹമായാണ് ഇത് നടന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. മിമിക്രി-ചലച്ചിത്രതാരം അബിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത് ഇത് സംബന്ധിച്ച വിവരം തേടാനാണെന്ന് കരുതുന്നു.
ദിലീപിന്റെ വ്യക്തിജീവിതം എങ്ങനെയാണെന്നത് പൊലീസിന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു മാസം മുന്‍പാണ് ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണങ്ങളില്‍ ഇതും പെടുമോ എന്നും അന്വേഷിക്കുന്നുണ്ട്.

യുവതിയുമായുള്ള രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള ആദ്യാവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജു വാര്യരുമായി അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതിയെ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് അറിവ്. ഇവര്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും അറിയുന്നു. ഇവരെ നാട്ടിലെത്തിച്ച് മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയം കണ്ടില്ല.
ഈ വിവാഹബന്ധത്തില്‍ നിന്ന് ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടിരുന്നവരെ പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. കൂടാതെ ഈ വിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.