ദിലീപിന്റെ ഡി സിനിമാസ്: നിര്‍മാണ അനുമതിയിലെ ചട്ടലംഘനം പരിശോധിക്കാന്‍ ചാലക്കുടി നഗരസഭയില്‍ പ്രത്യേക കൗണ്‍സില്‍

കയ്യേറ്റ ആരോപണം നേരിടുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഡി സിനിമാസിന്റെ നിര്‍മാണ അനുമതികള്‍ പുനഃപരിശേധിക്കാന്‍ ചാലക്കുടി നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെ സിനിമാ തിയേറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്നാണു ആരോപണം.
ഡി സിനിമാസിനു നിര്‍മാണാനുമതി കൊടുത്തതിനെച്ചൊല്ലി ചാലക്കുടി നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമാണ്. ചട്ടലംഘനങ്ങളുടെ ഉത്തരവാദിത്തം പരസ്പരം തലയില്‍ കെട്ടിവയ്ക്കാനാണ് ഇരുപക്ഷത്തിന്റേയും ശ്രമം. ഇടതുമുന്നണിയാണു നഗരസഭ ഭരിക്കുന്നത്. നിലവിലെ പ്രതിപക്ഷമായ യുഡിഎഫിന്റെ കാലത്താണെന്നു നിര്‍മാണ അനുമതി നല്‍കിയതു ഭരണപക്ഷം ആരോപിക്കുന്നത്. ചട്ടലംഘനമുണ്ടെങ്കില്‍ തിയേറ്റര്‍ എന്തുകൊണ്ടു നഗരസഭ പൂട്ടിക്കുന്നില്ലെന്നാണു യുഡിഎഫ് ചോദിക്കുന്നത്.
സ്‌പെഷല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടതു തങ്ങളാണെന്നും ഇരുകൂട്ടരും വാദിക്കുന്നുണ്ട്. ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്നു രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. അതേസമയം, ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം. പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ പറയുന്നു.
ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു.

1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നുമായി വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.

© 2024 Live Kerala News. All Rights Reserved.