മഅദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീകോടതി തളളി; ഭീമമായ തുക ആവശ്യപ്പെട്ട കര്‍ണാടകത്തിന് വിമര്‍ശനം

മകന്റെ വിവാഹത്തിനായി കേരളത്തിലെത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയ മഅദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തളളി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുളള ആളുടെ സുരക്ഷ കേരളം ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
സുരക്ഷാ ചെലവിനായി ഭീമമായ തുക കാണിച്ചതില്‍ കര്‍ണ്ണാടകത്തിന് സുപ്രീം കോടതി വിമര്‍ശനം. ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ ചെലവായി കണക്കാക്കാനാകൂ. ഇത്രയു വലിയ തുക വന്നത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് കര്‍ണാടകത്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് കര്‍ണാടകം ഗൗരവമായി കണ്ടില്ല. ഉത്തരവ് നടപ്പാക്കാനാണോ കര്‍ണാടകം ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.
സുപ്രീം കോടതിയുടെ അനുമതിയോടെ എത്തുന്ന പിഡിപി അദ്ധ്യക്ഷന്‍ അബ്ദുള്‍നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട തുക താങ്ങാനാവാത്തതാണെന്നും തുക കുറച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
ബംഗ്‌ളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കി. എന്നാല്‍ മാനുഷിക പരിഗണനയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയത്. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. മഅദനി കേരളം സന്ദര്‍ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം.

2013-നും 2016-നും ഇടയ്ക്ക് മൂന്നു തവണ മഅദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്‍നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്.

© 2024 Live Kerala News. All Rights Reserved.