നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു; നടിയുമായി അടുത്ത സൗഹൃദം, ദിലീപുമായി പരിചയമില്ലെന്നും മൊഴി

നടിയെ അക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് പൊലീസ് ശ്രിതയുടെ മൊഴിയെടുത്തത്. ഉളിയന്നൂരിലെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുപ്പ്. അക്രമിക്കപ്പെട്ട ദിവസം സംഭവത്തിന് ശേഷം ശ്രിതയുടെ വീട്ടിലേക്ക് നടി എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
അക്രമത്തിനിരയായ നടിയും പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപും തമ്മിലുള്ള വൈരാഗ്യം സംബന്ധിച്ച വിവരങ്ങളാണ് പൊലീസ് പ്രധാനമായും ശ്രിതയോട് ചോദിച്ചറിഞ്ഞതെന്ന് അറിയുന്നു. നടി അടുത്ത സുഹൃത്താണെങ്കിലും ദിലീപുമായി തനിക്ക് അടുപ്പമൊന്നുമില്ലെന്നാണ് ശ്രിത പൊലീസിന് നല്‍കിയ മൊഴി. നടി അക്രമിക്കപ്പെട്ടതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങളുണ്ടോയെന്ന് പൊലീസ് തുടര്‍ന്നും പരിശോധിക്കും.

അതേസമയം ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസിന്റെ ഭൂമി കൈയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗം കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

© 2024 Live Kerala News. All Rights Reserved.