സുരക്ഷാ ചെലവിന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത് 14 ലക്ഷം; മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍; വീണ്ടും സുപ്രീം കോടതിയിലേക്ക്

ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷാ ചെലവിന് കര്‍ണാടക പൊലീസ് ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണ് മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. ഇതോടെ വീണ്ടും സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ് മഅ്ദനി. 15 ലക്ഷത്തോളം രൂപയാണ് കര്‍ണാടക പൊലീസ് സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ടത്. 14,80,000 രൂപ വേണമെന്നാണ് അറിയിച്ചത്. ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ സുരക്ഷാ ചെലവ് വഹിക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് പറഞ്ഞതോടെ ചെലവ് വഹിച്ചോളാമെന്ന് മഅ്ദനി അറിയിച്ചതോടെയാണ് കോടതി യാത്രക്ക് അനുമതി നല്‍കിയത്.
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് മഅ്ദനിയുടെ കുടുംബവും പിഡിപി നേതാക്കളും ആവശ്യപ്പെട്ടു.
സുരക്ഷക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ ഭീമമായ തുക ഈടാക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കാന്‍ കേരളം സന്നദ്ധമാണെന്ന് അറിയിക്കണമെന്നാണ് പിഡിപി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കര്‍ണ്ണാടക സര്‍ക്കാരുമായി ഇത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

മഅ്ദനി കേരളത്തിലെത്താതിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നെന്നും പിഡിപി ആരോപിച്ചു. സുരക്ഷക്കായി 14 ലക്ഷം അടയ്ക്കാനാവില്ലെന്ന് മഅ്ദനി കോടതിയെ അറിയിക്കും. നാളെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.