ചിത്രയ്ക്ക് 25,000 രൂപയുടെ പ്രതിമാസ സാമ്പത്തിക സഹായം; സികെ വിനീതിന് ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനം

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പിയു ചിത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനം. മാസം 25,000 രൂപ വീതം പരിശീലനത്തിനായി നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുത്തിയ പ്രതിമാസം 10,000 രൂപ അലവന്‍സായും, ഭക്ഷണത്തിനായി ദിവസം 500 രൂപയും നല്‍കുന്നതിനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയ്ക്ക് പങ്കെടുക്കാനാവാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഫുട്ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു. വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാകും നിയമിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായണ് തീരുമാനം.

മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താലാണ് വിനീതിനെ ഏജീസ് ഓഫിസ് പിരിച്ചു വിട്ടിരുന്നു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം. സി.കെ വിനീതിന് സംസ്ഥാനം ജോലി നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അന്ന് തന്നെ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.