‘നിസാമിന് മാനസിക പ്രശ്‌നമില്ല’; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു; വിശദമായ സത്യവാങ്മൂലത്തിന് നിര്‍ദേശം

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാനസികനില സാധാരണ നിലയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സെക്യൂരിറ്റി ജീവനക്കാന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാമിന്റെ മാനസികാരോഗ്യ നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നിസാമിന്റെ മാനസിക നില തെറ്റിയതായും ഇതിനു ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് അടുത്ത ബന്ധു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കീഴ്‌കോടതി വിധിക്കെതിരെ നിസാം നല്‍കിയ അപ്പീലിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാമിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും തന്നെ തിരിച്ചറിയാന്‍ നിസാമിന് കഴിഞ്ഞില്ലെന്നും മാനോനില തകരാറിലായ രീതിയിലാണ് നിസാം പെരുമാറിയതെന്നും ബന്ധു ഉപഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, അക്രമാസക്തനായാണ് കാണപ്പെട്ടത്. മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേല്‍പിക്കാനോ സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ മതിയായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ചികിത്സ ലഭ്യമാക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന നിലപാടാണ് ജയിലധികൃതര്‍ സ്വീകരിച്ചത്. അതിനാല്‍, തടവുശിക്ഷ വിധിച്ചിള്ള കീഴ്‌കോടതി വിധി നടപ്പാക്കുന്നത് തടയണമെന്നും ചികിത്സ നല്‍കണമെന്നുമാണ് ഉപഹര്‍ജിയിലെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.