ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു; സത്യവാങ്മൂലത്തിന് അധിക സമയം വേണമെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം തള്ളി

പി യു ചിത്രയുടെ അത്‌ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം തെളിഞ്ഞതോടെയാണ് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ കേസ് വിട്ടത്. സിംഗിള്‍ ബെഞ്ചിന് കോടതിയലക്ഷ്യ കേസുകളില്‍ നടപടിക്ക് സാധിക്കില്ലാത്തതിനാലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് കേസ് വിട്ടത്. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
കേസില്‍ നടപടികള്‍ വിശദീകരിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം ഹൈക്കോടതി തള്ളി.
അത്‌ലറ്റിക് ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ചിത്ര കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചെന്ന് കാണിച്ചാണ് ചിത്ര കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്. സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചത്.

പങ്കെടുക്കപ്പെടേണ്ടവരുടെ പട്ടിക സമര്‍പ്പിക്കേണ്ട തീയതിക്ക് ശേഷവും സുധാ സിംഗ് എങ്ങനെ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ചോദ്യവും ഹൈക്കോടതി ഇന്നലെ ഉയര്‍ത്തിയിരുന്നു. എങ്ങനെയാണ് ജൂലൈ 24ന് ശേഷം സുധാ സിംഗ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും ഹൈക്കോടതിയില്‍ അത്‌ലറ്റിക് ഫെഡറേഷനോട് ചോദിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.