‘പേര് പരാമര്‍ശിച്ചത് ദുരുദ്ദേശപരമല്ല’; അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കണമെന്ന് അക്രമിക്കപ്പെട്ട നടി

അക്രമത്തിനിരയായ നടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചു. അജു തന്റെ സുഹൃത്താണെന്നും പേര് പരാമര്‍ശിച്ചത് ദുരുദ്ദേശപരമായിട്ടല്ലെന്നും നടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചുള്ള കുറിപ്പില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി അജുവിന്റെ ഫോണും കളമശേരി പൊലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കില്‍ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഐപിസി 228 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് അജു മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഖേദപ്രകടനത്തിന് നിയമസാധുതയില്ല. അത് കോടതി പരിഗണിക്കേണ്ട വിഷയമാണെന്നും പൊലീസ് പറയുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.