കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നിലപാടിനെതിരെ വി.ഡി.സതീശന്‍

 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി വെസ്. പ്രസിഡന്റും എം എല്‍ എയുമായ വി.ഡി.സതീശന്‍ രംഗത്ത്. പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുന്നു. വനഭൂമി മാത്രമേ പരിസ്ഥിതിലോല പ്രദേശമായി കാണൂ എന്നതു വിചിത്രം. നിലവിലുള്ള വനംകേസുകളെ ഇതു ബാധിക്കുമെന്നും സതീശന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലാണ് സതീശന്റെ പരാമര്‍ശം.

അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും ആണെന്നും സതീശന്‍ പറയുന്നു. ഈ കമ്മിറ്റി പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണെന്നും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു കേരള സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ലാഘനീയവും മാതൃകാപരവുമാണെന്നും സതീശന്‍ പറയുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോലമായി കണക്കാക്കിയ സംസ്ഥാനത്തെ 119 വില്ലേജുകളിലെയും ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ചു പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക സമിതികള്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. സമിതി ഈ മാസം 23, 24 തീയതികളില്‍ പരിശോധന പൂര്‍ത്തിയാക്കി ഈ മാസം 28ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് 29ന് കേന്ദ്രസര്‍ക്കാരിന് കൈമാറാനിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.