ഉഷയ്‌ക്കെതിരെയുള്ള പ്രതിഷേധം തുടരുന്നു; പിടി ഉഷ റോഡ് പിയു ചിത്ര റോഡാക്കി

കൊച്ചി: പിയു ചിത്രയ്ക്ക് ലണ്ടനില്‍ മത്സരിക്കാനാവില്ലെന്ന് അവസാന തീരുമാനം വന്നതോടെ പിടി ഉഷയ്‌ക്കെതിരെ പ്രതിഷേധം. കൊച്ചിയിലുള്ള പിടി ഉഷ റോഡിന്റെ പേര് പിയു ചിത്ര റോഡ് എന്നാക്കിയാണ് പ്രതിഷേധം നടന്നത്. ഇക്കാര്യം കാണിച്ച് പുതിയ ബോര്‍ഡും സ്ഥാപിച്ചു.
ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് മഹാരാജാസ് കോളേജിനു മുന്നിലൂടെ പോകുന്ന റോഡിനാണ് പിടി ഉഷ എന്ന പേരുള്ളത്. ഈ റോഡാണ് പിയു ചിത്ര റോഡ് എന്ന് നാമകരണം ചെയ്തത്.

കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. ലോക അത്ലറ്റിക് ചാംമ്പ്യന്‍ഷിപ്പില്‍ നിന്നും പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയെ അത്ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ കുറ്റപ്പെടുത്തിയിരുന്നു. പിടി ഉഷ, അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള താരങ്ങളെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലായിരുന്നുവെന്നായിരുന്നു പിടി ഉഷയുടെ വാദം.

© 2024 Live Kerala News. All Rights Reserved.