‘പള്‍സര്‍സുനിയുമായി സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം’; നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിയുടെ നിര്‍ണ്ണായക മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സാന്നിധ്യത്തെക്കുറിച്ച് മാനേജര്‍ അപ്പുണ്ണിയുടെ നിര്‍ണ്ണായകമൊഴി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി വ്യക്തമാക്കി. സുനിയുമായി സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ ദിലീപിന്റെ ഒപ്പം നിന്നാണ് സംസാരിച്ചത്.
പരിചയമില്ലാത്ത ഭാവത്തില്‍ സംസാരിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അവശ്യപ്പെട്ടതുപോലെ സംസാരിച്ചു. പള്‍സര്‍ സുനി പറഞ്ഞതെല്ലാം ദിലീപിനോടും പറഞ്ഞു. സുനി തന്നോടും ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി മൊഴി നല്‍കി.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തിന്റെ കാര്യം അറിയാമെന്നും അപ്പുണ്ണി പറഞ്ഞു. കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നു. ഏലൂരില്‍ വെച്ച് വിഷ്ണു കത്ത് തന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഗൂഡാലോചനയെക്കുറിച്ചും അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു. അപ്പുണ്ണിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.

© 2024 Live Kerala News. All Rights Reserved.