‘അന്തിമ പട്ടിക തന്നെ കാണിച്ചില്ല’; ചിത്രയെ ഒഴിവാക്കിയതില്‍ അത്‌ലറ്റിക്ക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവെ

ന്യൂഡല്‍ഹി: ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ലണ്ടനിലെ ലോക ചാംപ്യന്‍ഷിപ്പിനു പോകുന്നവരുടെ അന്തിമ പട്ടിക ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനായ തന്നെ കാണിച്ചിരുന്നില്ലെന്ന് രണ്‍ധാവെ വ്യക്തമാക്കി. മത്സരത്തില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ല അത്‌ലറ്റിക്ക് ഫെഡറേഷനാണെന്നും രണ്‍ധാവെ വെളിപ്പെടുത്തി.
ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ടിരുന്നെന്നും ചിത്രയെ ഒഴിവാക്കിയ വിവരം അറിഞ്ഞത് അവസാന നിമിഷമാണെന്നും രണ്‍ധാവെ പറഞ്ഞു. ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പി.യു ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ചിത്രയുടെ നിലവാരം ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് കാണിച്ചാണ് അത്‌ലറ്റിക്ക് ഫെഡറേഷന്‍ ചിത്രയെ മത്സരത്തില്‍ നിന്നൊഴിവാക്കിയത്.
ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മലയാളി താരത്തെ ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ നല്‍കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളിയതോടെ ചിത്രയ്ക്ക് ലണ്ടനിലെ മത്സരത്തില്‍ പങ്കെടുക്കാനുള്ള വഴിയടഞ്ഞിരുന്നു. ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കത്തയച്ചത്.

അത്ലറ്റിക്ക് ഫെഡറേഷനെതിരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരം സുധാ സിങ് ആദ്യ പട്ടികയില്‍ തന്‍റെ പേരുള്‍പ്പെട്ടിട്ടില്ലാത്ത വിവരം നേരത്തെ അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തി. ആദ്യം പ്രഖ്യാപിച്ച പട്ടികയില്‍ ഇല്ലാത്തതും പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നുമാണ് സുധ സിങ് പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.