ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മെന്ന് കുമ്മനം; പങ്കില്ലെന്ന് ആനാവൂര്‍; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന KERALA July 30, 2017, 7:15 am

തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കാം പിന്നില്‍. കോളനി കേന്ദ്രീകരിച്ചുണ്ടായ പ്രശ്‌നങ്ങളായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഐഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേന്ദ്രമനുഷ്യാവകാശ കമ്മീഷനോടും പ്രധാനമന്ത്രിയോടും വിഷയം ധരിപ്പിക്കുമെന്നും കുമ്മനം വ്യക്തമാക്കി. രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീകാര്യം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ശ്രീകാര്യം പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷ സാധ്യത പരിഗണിച്ച് തിരുവനന്തപുരം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകാര്യത്ത് സിറ്റിപൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.