സഹപ്രവര്‍ത്തകര്‍ കാണികളായപ്പോഴും അക്രമികളെ നേരിട്ട പോലീസുകാരന് ഐജിയുടെ പാരിതോഷികം; ഡ്യൂട്ടിക്കിടെ പരുക്കേറ്റ പോലീസുകാരന്‍ ചികില്‍സയില്‍

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് തകര്‍ക്കാനെത്തിയ സിപിഐഎം കൗണ്‍സിലറുടെ നേതൃത്വത്തിലെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രതിജ്ഞകുമാറിനാണ് 5000 രൂപ പൊലീസ് സമ്മാനം നല്‍കിയത്. റേഞ്ച് ഐജി മനോജ് എബ്രഹാം ആണ് ആശുപത്രിയിലെത്തി തുക കൈമാറിയത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ സിപിഐഎം കൗണ്‍സിലര്‍ ഐപി ബിനുവിന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ആക്രമണം നോക്കിനിന്ന രണ്ട് പൊലീസുകാരെ ഇന്നലെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് ഒരു ബൈക്കില്‍ രണ്ടുപേരടങ്ങിയ അക്രമിസംഘം കൈയില്‍ വലിയ വടിയുമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഒാഫിസിലേക്ക് എത്തുന്നത്. റോഡില്‍ വശത്തായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ കൈവീശിയത് പ്രകാരം ബൈക്കിനടുത്തേക്ക് ഓടിയെത്തുകയും പേപ്പറില്‍ ബൈക്കിന്റെ നമ്പര്‍ കുറിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് രണ്ടുബൈക്കുകളിലായി അഞ്ചുപേര്‍ കൂടി കൈയില്‍ വടികളുമായി എത്തുന്നുണ്ട്. പൊലീസുകാരോട് തട്ടിക്കയറി ഗേറ്റ് കടന്ന് അക്രമികള്‍ അകത്തേക്ക് കടക്കുമ്പോള്‍ അവിടെ കാവല്‍ നിന്നിരുന്ന രണ്ടുപൊലീസുകാര്‍ പുറത്തേക്ക് ഓടുകയാണ്.
പുറത്തുനിന്ന മറ്റൊരു മുതിര്‍ന്ന പൊലീസുകാരന്‍ മൊബൈലില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമിസംഘം അകത്തുകയറി കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയും ചെയ്യുമ്പോള്‍ പ്രതിഞ്ജകുമാര്‍ തനിച്ച് അക്രമിസംഘത്തെ എതിര്‍ക്കുന്നുണ്ട്. അക്രമികളെ പിന്തിരിപ്പിക്കാന്‍ നോക്കുന്ന ഇയാളെ മൂന്നുപേര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും തളളി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്നും ഇദ്ദേഹം അക്രമികളെ എതിര്‍ക്കുമ്പോള്‍ മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. അക്രമിയുടെ കൈയില്‍ നിന്നും വടി പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഈ പൊലീസുകാരനെ മര്‍ദ്ദിക്കുമ്പോഴും പുറത്തുളള മൂന്നുപൊലീസുകാരില്‍ ഒരാള്‍ ഷൂസ് നേരെയാക്കുന്നു, മറ്റൊരാളാകട്ടെ ഇതൊക്കെ കണ്ടിട്ടും ലാത്തിയുമായി അനങ്ങാതെ നില്‍ക്കുകയുമാണ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.