കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു താനെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയതായി സൂചന; നിഷേധിച്ച് കാവ്യ; സ്ഥിരീകരിക്കാനായി അന്വേഷണ സംഘം

നടി കാവ്യമാധവനും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചനകള്‍. താന്‍ രണ്ടുമാസം കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്നാണ് പൊലീസിന് സുനി നല്‍കിയ മൊഴി. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ ഇത് നിഷേധിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനായി പൊലീസ് ശ്രമം തുടരുകയാണ്. സുനിലിനെ അറിയില്ലെന്നാണ് അഞ്ചുമണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാവ്യയോട് അടുപ്പമുളള കൂടുതല്‍പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തേക്കും. സുനിയുമായി കാവ്യയ്ക്ക് മുന്‍പരിചയമുണ്ടോ എന്നറിയാനായി മുന്‍ സിനിമകളുടെ ലൊക്കേഷനുകളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു.
ദിലീപിന്റെ തറവാട് വീട്ടില്‍ വെച്ചായിരുന്നു കാവ്യയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയിലെത്തിയെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കാക്കനാട്ടുള്ള വസ്ത്രവ്യാപാരശാലയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.