മോദി കരം പിടിച്ച് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍; ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി പുതിയ മന്ത്രിസഭ രൂപീകരിച്ചു. മഹാസഖ്യം പൊളിച്ച് ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയും തള്ളിയാണ് വീണ്ടും പഴയ പാളയത്തില്‍ നിതീഷ് കുമാര്‍ എത്തിയത്. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് വര്‍ഷം നീളുന്ന ആര്‍ജെഡി- കോണ്‍ഗ്രസ്- ജെഡിയു തുടങ്ങി പാര്‍ട്ടികളൊന്നിച്ചുള്ള മഹാസഖ്യം തകര്‍ത്താണ് ജെഡിയുവിന്റെ ചുവടുമാറ്റം. ഇന്നലെ വൈകിട്ട് നാടകീയമായി രാജിവെച്ച് 14 മണിക്കൂറിനകം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നിതീഷ്.
ആറാം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയുമായി 2014ല്‍ പിരിഞ്ഞ ജെഡിയു ബിജെപിയെ തോല്‍പ്പിക്കാനാണ് ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയത്. അതുവഴി ദേശീയതലത്തിലേക്കും വളര്‍ന്ന കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയുള്ള മഹാസഖ്യമായി മാറാനും കഴിഞ്ഞിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടണം. അതിനുശേഷം മാത്രമെ മന്ത്രിസഭാ വികസനമുണ്ടാകു. നിതീഷിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയിരുന്നു.

243 അംഗ ബീഹാര്‍ നിയമസഭയില്‍ ജനതാദള്‍ യുണൈറ്റഡിന് 71 സീറ്റാണുളളത്. ബിജെപിക്കാകട്ടെ 53 സീറ്റുകളുമുണ്ട്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് ഇവരുടെ സഖ്യത്തില്‍ നിന്നു തന്നെയുണ്ടാകും. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 80 സീറ്റാണുളളത്. കോണ്‍ഗ്രസിന് 27 എംഎല്‍എമാരുമുണ്ട്. സ്വതന്ത്രന്‍മാര്‍ അടക്കം 132 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി സത്യപ്രതിജ്ഞ സമയത്ത് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്.
ബിഹാറിൽ സർക്കാരുണ്ടാക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിക്കു പകരം നിതീഷ് കുമാറിന്റെ ജെഡിയുവിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നു മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണറെ നേരിട്ടുകണ്ടു തേജസ്വി പ്രതിഷേധം രേഖപ്പെടുത്തി. പുലർച്ചെ രണ്ടുമണിയോടെ തേജസ്വിയും പാർട്ടി എംഎൽഎമാരും രാജ്ഭവനിലേക്കു മാർച്ച് നടത്തി. നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് ആർജെഡിയുടെ നീക്കം.

© 2024 Live Kerala News. All Rights Reserved.