നിതീഷ് കുമാറിന്റെ രാജി നീക്കം അറിഞ്ഞെന്ന വണ്ണം ലാലു പ്രസാദ് യാദവിന്റെ തയ്യാറെടുപ്പുകള്‍. ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോടും പുതിയ സഖ്യ സാധ്യതകള്‍ ആരാഞ്ഞാണ് ലാലുവിന്റെ പുതിയ നീക്കങ്ങള്‍.
അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യമുയര്‍ന്നതിന് പിന്നാലെ ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോടും പുതിയ സഖ്യത്തിന് ലാലുവിന്റ നീക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ അധികാരത്തില്‍ എത്താന്‍ സാധിക്കുമെന്ന തരത്തിലാണ് ലാലുവിന്റെ നീക്കം.
ബീഹാറില്‍ നിന്ന് മായാവതിക്ക് രാജ്യസഭയിലേക്ക് മത്സരിക്കാമെന്നും തന്റെ പാര്‍ട്ടി മായാവതിയെ പിന്തുണക്കുമെന്നും ലാലു പറഞ്ഞിരുന്നു. തുടര്‍ന്ന് ബീഹാറിലും മറ്റിടങ്ങളിലും സഖ്യം ആവാമെന്നും സൂചിപ്പിച്ചു. മായാവതിയോടൊപ്പം ജിതന്‍ റാം മഞ്ജിയും ആര്‍ജെഡിയും ചേര്‍ന്നാല്‍ നിതീഷിന്റെ അതീവ പിന്നോക്ക വിഭാഗങ്ങളെന്ന വോട്ട് ബാങ്കിനെ പൊളിക്കാം എന്നാണ് ലാലു കരുതുന്നത്.
മായാവതി ആര്‍ജെഡിയോടൊപ്പം ചേര്‍ന്നാല്‍ ദളിത് വോട്ടുകളില്‍ വലിയൊരു വിഭാഗം വോട്ടുകള്‍ നേടാം എന്നാണ് ലാലു കരുതുന്നത്. 14% ദളിത് വോട്ടുകളുണ്ട് ബീഹാറില്‍. ഗോത്ര നേതാവായ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടി നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയിരുന്നു. ഏകദേശം 9% വോട്ടുകള്‍ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്‍. 12% മുസ്ലിം വോട്ടുകളുള്ള ബീഹാറില്‍ ഇതില്‍ ഭൂരിപക്ഷം വോട്ടുകളും സഖ്യത്തിന് നേടാമെന്നാണ് ലാലു കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടി സഖ്യത്തിന് ലഭിക്കുമെന്നാണ് ആര്‍ജെഡിയുടെ കണക്കുകൂട്ടല്‍.