മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു; നീക്കം നിതീഷിന്റെ ആവശ്യം ലാലു പ്രസാദ് യാദവ് തള്ളിയതിന് പിന്നാലെ

പാട്ന: ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കി നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതിന് മുന്നോടിയായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത് നല്‍കിയത്.
അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അന്ത്യശാസനം തള്ളിയതിനെ തുടര്‍ന്നാണ് രാജി നീക്കം. ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള സഖ്യം നിതീഷിന്റെ രാജിയിലൂടെ തകര്‍ന്നേക്കും.
ഇരു പാര്‍ട്ടികളും പ്രത്യേകം പ്രത്യേകം സാമാജികരുടെ യോഗം വിളിച്ച് ചേര്‍ത്ത് തേജസ്വിയുടെ രാജിക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തേജസ്വി പ്രസാദ് യാദവിന്റെ മന്ത്രിസഭയില്‍ നിന്നുള്ള പുറത്തുപോക്കില്‍ സന്ധിയില്ലെന്ന നിലപാടിലാണ്.

തേജസ്വി രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ ലാലുവും ആര്‍ജെഡിയും സ്വീകരിച്ചു പോന്നത്. എന്നാല്‍ ഇന്നലെ 72 മണിക്കൂറിനുള്ളില്‍ തേജസ്വി രാജിവെയ്ക്കണമെന്ന് നിതീഷ് പ്രഖ്യാപിച്ചതോടെയാണ് ബിഹാര്‍ രാഷ്ട്രീയം ചൂടുപിടിച്ചത്. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ലാലുവിന്റെ ആര്‍ജെഡി നേരത്തെയുണ്ടാക്കിയ രാഷ്ട്രീയ സന്ധിയുടെ പുറത്താണ് രണ്ടാം സ്ഥാനത്തെത്തിയു നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചത്. ബിജെപിയെ ചെറുക്കാന്‍ ബിഹാറില്‍ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളെ ഒരുമിപ്പിച്ച് മഹാസഖ്യം ഉണ്ടാക്കിയാണ് നിതീഷ് കുമാര്‍ അധികാര തുടര്‍ച്ച നേടിയത്. എന്നാല്‍ മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മൃദുസമീപനം സ്വീകരിച്ച നിതീഷ് പ്രതിപക്ഷം മോഡിസര്‍ക്കാരിനെതിരെ ഒന്നിച്ച ഘട്ടങ്ങളിലെല്ലാം മഹാസഖ്യം മറന്ന് മോഡിക്ക് പിന്തുണ നല്‍കിയിരുന്നു. ലാലു പ്രസാദ് യാദവ് ഇതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ബിജെപി സിബിഐയെ ഉപയോഗിച്ച് തന്നോട് രാഷ്ട്രീയ പകപോക്കുകയാണെന്നാണ് അഴിമതി ആരോപണങ്ങളെ കുറിച്ച് ലാലുപ്രസാദ് യാദവ് ആരോപിക്കുന്നത്. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കേന്ദ്രത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് നിതീഷ് കുമാര്‍ സ്വീകരിച്ചത്. അഴിമതി ആരോപണങ്ങളില്‍ ബന്ധിക്കപ്പെട്ട ആര്‍ജെഡി സഖ്യം ഉപേക്ഷിക്കില്ലെന്ന ബലമാണ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് നിതീഷിന് പ്രേരകമാകുന്നത്. അഥവാ ലാലു പിന്തുണ പിന്‍വാലിച്ചാല്‍ ഒരു കാലത്ത് ശത്രുവായിരുന്ന ബിജെപിയുടെ പിന്തുണയില്‍ അധികാരത്തില്‍ തുടരാമെന്ന കണക്കുകൂട്ടലും നിതീഷിനുണ്ട്.

© 2024 Live Kerala News. All Rights Reserved.