പൂര്‍വ്വ എക്‌സ്പ്രസില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ ചത്ത പല്ലി; ചിത്രം സഹിതം റെയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍

ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഭിക്കുന്ന ആഹാരം ഉപയോഗശൂന്യമാണെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ ട്രെയിനിലെ ബിരിയാണിയില്‍ നിന്നും പല്ലിയെ ലഭിച്ച യാത്രക്കാര്‍ ചിത്രം സഹിതം റയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. പൂര്‍വ്വ എക്സ്പ്രസിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാര്‍ക്ക് ചത്ത പല്ലിയെ ലഭിച്ചത്.
ജാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിന് പാറ്റനയ്ക്കടുത്തെത്തിയപ്പോഴാണ് ഭക്ഷണം വിതരണം ചെയ്തത്. വെജിറ്റബിള്‍ ബിരിയാണിയില്‍ അസ്വാഭാവികമായി എന്തോ കിടക്കുന്നത് കണ്ട യാത്രക്കാര്‍ എടുത്ത് നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിച്ച ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഇതിന് പിന്നാല റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചപ്പോള്‍ ഭക്ഷണമെടുത്ത് പുറത്തേക്ക് കളഞ്ഞു. ടിക്കറ്റ് എക്സാമിനറെയും പാന്‍ട്രി കാറിലെ ജീവനക്കാരെയും വിവരം അറിയിച്ചിരുന്നെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് പല്ലി ചത്ത് കിടക്കുന്ന ബിരിയാണിയുടെ ചിത്രം സഹിതം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തത്.
ഉടനെ തന്നെ നടപടിയുണ്ടാവുകയും ചെയ്തു. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായി സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരെത്തി അസ്വസ്ഥത അനുഭപ്പെട്ട യാത്രക്കാര്‍ക്ക് മരുന്ന് നല്‍കി.
ട്രെയിന്‍ മുഗല്‍സാരായിലെത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്കുള്ള മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ കിഷോര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കി മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.