മുംബെെയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17 ആയി; ശിവസേന നേതാവിനെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസ്

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ ഒരു നവജാത ശിശുവും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഉടമയായ ശിവസേന നേതാവ് സുനില്‍ ഷിതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമായ നരഹത്യ, കുറ്റകരമായ അനാസ്ഥ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് സുനില്‍ ഷിതാപിനെ അറസ്റ്റ് ചെയ്തത്.മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേനയുടെ നേതാവാണ് സുനില്‍ ഷിതാപ്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നഴ്‌സിങ്ങ് ഹോം പ്രവര്‍ത്തിക്കുന്നതിനു പുറമെ പത്ത് കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നഴ്‌സിങ്ങ് ഹോം ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശിവസേന മേയര്‍ മഹാദേശ്വര്‍ പറഞ്ഞു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജോലി പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ചൊവ്വാഴ്ച്ച രാവിലെ 10.45നായിരുന്നു അപകടം.

© 2024 Live Kerala News. All Rights Reserved.