തെലങ്കാനയിലെ ടൊയോട്ട കാര്‍ ഇടപാട്: മകനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തള്ളി വെങ്കയ്യ നായിഡു; പിടിവിടാതെ കോണ്‍ഗ്രസ്

ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡുവിന്റെ കുടുംബത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിവിട്ട അഴിമതി ആരോപണങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. അഴിമതി ആരോപണങ്ങളെല്ലാം നായിഡു തള്ളി, രാഷ്ട്രീയപ്രേകിതമാണ് കുടുംബത്തിനെതിരായി ഉണ്ടായ ആരോപണങ്ങളെന്നാണ് വിശദീകരണം. തെലങ്കാന സര്‍ക്കാരുമായി നടത്തിയ കാര്‍ ഡീലര്‍ഷിപ്പ് ഇടപാടിലാണ് വെങ്കയ്യ നായിഡുവിന്റെ മകനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
തെലങ്കാന സര്‍ക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്കായി 2014ല്‍ ടൊയോട്ടയുമായി 270 കോടിയുടെ കരാറുണ്ടാക്കിയതിലാണ് അഴിമതി ആക്ഷേപം. വെങ്കയ്യ നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ഡീലേഴ്‌സുമായാണ് തെലങ്കാന സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്റെ കടയില്‍ നിന്നും വാഹനങ്ങള്‍ വാങ്ങിയിരുന്നു. ടെന്‍ഡര്‍ നടപടികളും ലേലവും ഒന്നും നടത്താതെ അനര്‍ഹമായി കരാര്‍ ഉണ്ടാക്കിയെന്ന ആക്ഷേപവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് രംഗത്തെത്തിയത്.
തെലങ്കാന സംസ്ഥാന സര്‍ക്കാരും ടൊയോട്ടയും തമ്മില്‍ നേരിട്ടാണ് കരാര്‍ ഉണ്ടാക്കിയതെന്നും തന്റെ മകന് ഇതില്‍ നേരിട്ട് പങ്കില്ലെന്നുമാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. ഇതിനെല്ലാം പുറമേ നായിഡുവിന്റെ മകള്‍ നടത്തുന്ന ട്രസ്റ്റിന് 2.2 കോടി രൂപയുടെ ഇളവ് തെലങ്കാന സര്‍ക്കാര്‍ നല്‍കിയെന്നും കോണ്‍ഗ്രസ് ചൂണ്ടികാണിച്ചിരുന്നു.

ആരോപണങ്ങളെല്ലാം തന്നെ ബിജെപി മുതിര്‍ന്ന നേതാവ് തള്ളിയെങ്കിലും പിടിവിടാതെ ആരോപണങ്ങളില്‍ ഉറച്ചാണ് കോണ്‍ഗ്രസ്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും മധ്യപ്രദേശിലും നായിഡു കുടുംബം നടത്തിയ ഇടപാടുകളില്‍ ചോദ്യം ഉയര്‍ത്തി നിയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ മുള്‍മുനയില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.