ക്യാംപസില്‍ സൈനിക ടാങ്ക് സ്ഥാപിക്കണമെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍; പരാമര്‍ശം ‘ദേശവിരുദ്ധര്‍’ക്ക് സന്ദേശം നല്‍കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തിരംഗ മാര്‍ച്ചില്‍

‘ദേശവിരുദ്ധ’ര്‍ക്ക് സന്ദേശം നല്‍കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ ജെഎന്‍യു മാര്‍ച്ചില്‍ ക്യാംപസില്‍ സൈനിക ടാങ്കര്‍ സ്ഥാപിക്കണം എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍. സൈനിക ടാങ്ക് കാണുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വില മനസിലാക്കുന്നതിന് വേണ്ടിയാണിത്. മാനവവിഭവശേഷിയുടെ കീഴിലെ വിദ്യ വീര്‍ത അഭിയാന്‍ പദ്ധതി പ്രകാരം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ വികെ സിങ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരോടായിരുന്നു വൈസ് ചാന്‍സലറുടെ അഭ്യര്‍ത്ഥന. എബിവിപി നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ പങ്കെടുക്കുകയും ചെയ്തു.
ഇവരോടോപ്പം ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജിഡി ബക്ഷി എന്നിവരും റാലിയില്‍ പങ്കെടുത്തു. പക്ഷെ റാലിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നെന്ന് ദേശീയ മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഗില്‍ യുദ്ധം ജയിച്ചതിന്റെ വാര്‍ഷികമായ ജൂലൈ 26ന് മുന്നോടിയായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
‘കശ്മീര്‍ ഞങ്ങളുടേതാണ്’ എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു മാര്‍ച്ച്. ഞാറാഴ്ച്ചയായതിനാല്‍ താരതമ്യേന ആളുകള്‍ ക്യാംപസില്‍ കുറവായിരുന്നു. 600 മീറ്റര്‍ നീളമുള്ള തിരംഗ പതാകയുമേന്തി 300 പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ‘നക്സലിസവുമില്ല, മാവോയിസവുമില്ല, ദേശീയത മാത്രം’, ‘പാകിസ്താന്‍ മൂര്‍ദാബാദ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മാര്‍ച്ചായിരുന്നിട്ടും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. കാര്‍ഗിലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു.
എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ചരിത്രപരമാണെന്ന് എബിവിപി വൈസ് പ്രസിഡന്റ് സൗരബ് ശര്‍മ അവകാശപ്പെട്ടു. ജെഎന്‍യു ദേശീയതയിലേക്ക് മാറി കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ക്യാംപസില്‍ കൂടുതല്‍ പേര്‍ ദേശീയതയില്‍ തത്പരരാണെന്നും എബിവിപി അവകാശപ്പെടുന്നു.
ഇടത് സംഘടനകള്‍ക്ക് സ്വാധീനമുള്ളയിടത്ത് നിന്നും ജെഎന്‍യു മാറിക്കൊണ്ടിരിക്കുകയാണ് എന്ന് റിട്ട.മേജര്‍ ജനറല്‍ ജെഡി ബക്ഷിയും അവകാശപ്പെട്ടു. സൈന്യം ജീവന്‍ പണയം വെച്ചാണ് രാജ്യം കാത്തുസൂക്ഷിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങള്‍ ജെഎന്‍യു വിഘടനവാദികളുടെ കൈകളിലാണെന്ന് തെളിയിക്കുന്നതാണന്നും ബക്ഷി പറഞ്ഞു.

‘അതേസമയം ക്യാംപസില്‍ ആര്‍ക്കും പരിപാടി സംഘടിപ്പിക്കാമെന്നായിരുന്നു സ്റ്റുഡന്‍സ് യൂണിയന്റെ പ്രതികരണം. ക്യാംപസില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ വിയോജിക്കാനുള്ള അവകാശത്തെ മാനിക്കാന്‍ എല്ലാവരും തയാറാകണമെന്ന് സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പിപി മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടി സംഘടിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് പറയുന്നവര്‍, എന്ത് കൊണ്ടാണ് വിയോജിപ്പുള്ളവരുടെ കാര്യത്തില്‍ അത് അനുവദിക്കാത്തത്. അവരുടെ അജണ്ടയ്ക്ക് പുറത്തുള്ള ഒരു സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴോ, പരിപാടി സംഘടിപ്പിക്കുമ്പോഴോ നോട്ടീസ് അയക്കുകയാണ്. ആര്‍എസ്എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള മാര്‍ഗമായാണ് ഇവര്‍ രാജ്യസ്നേഹം പറഞ്ഞ് പരിപാടി സംഘടിപ്പിക്കുന്നത്.’

അമല്‍ പിപി , സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് പ്രസിഡന്റ്

© 2024 Live Kerala News. All Rights Reserved.