റോക്കറ്റ് പോലെ പിടിവിട്ട് തക്കാളി വില; നിവൃത്തിയില്ലാതെ തക്കാളിപ്പെട്ടിക്ക് എകെ 47 സുരക്ഷ ഏര്‍പ്പെടുത്തി വ്യാപാരികള്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിസ്സാര സുരക്ഷയല്ല. എകെ 47 തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് തക്കാളിപ്പെട്ടിക്ക് ഇവിടെ കാവല്‍ നില്‍ക്കുന്നത്. നോട്ട് കെട്ടുകളോ, ആഭരണങ്ങളോ, വിലകൂടിയ ഇലക്ട്രിക് ഉപകരണങ്ങളോ ആണ് ഇത്രയും സുരക്ഷയില്‍ ഇവിടേക്ക് എത്തിക്കുന്നത് എന്ന് കരുതി ചെന്ന് നോക്കിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും. കിലോയ്ക്ക് ഒരു രൂപയ്ക്ക് വരെ സുലഭമായി ലഭിച്ചിരുന്ന തക്കാളിപ്പെട്ടിക്കാണ് ഈ സുരക്ഷയെല്ലാം ഒരുക്കിയിരിക്കുന്നത്.
വിലയിടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി ചാക്ക് കണക്കിന് റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത് ഒരു മാസം മുമ്പ് മാത്രമാണ് . പക്ഷെ ഇന്ന് തക്കാളി വാങ്ങാണം എങ്കില്‍ കൈ പൊള്ളും. നൂറ് രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിക്ക് ഈടാക്കുന്നത്.
വില റോക്കറ്റ് പോലെ ഉയര്‍ന്ന് തുടങ്ങിയതോടെയാണ് തക്കാളി മോഷണം പോകാന്‍ തുടങ്ങിയത്. അതോടെ വേറെ നിവൃത്തിയില്ലാതെ വ്യാപാരികള്‍ക്ക് തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടി വന്നു.
ഒരാഴ്ച്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ ആക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ തക്കാളിക്ക് കാവ്‍ ഏര്‍പ്പെടുത്താന്‍ മൊത്തവ്യാപാരികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് വ്യാപാരിയായ സന്തോഷ് നരാംഗ് മാധ്യമങ്ങളോട് പറഞ്ഞു.

കാവല്‍ ആവശ്യപ്പെട്ട് മാണ്ഡി ഭരണകൂടത്തെ വ്യാപാരികള്‍ സമീപിച്ചിരുന്നു. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അര ഡസനോളം സുരക്ഷാ ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.