ദിലീപ് ജയിലില്‍ തന്നെ; ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു; നടന്നത് ക്രൂരമായ കുറ്റകൃത്യമെന്ന് കോടതിയുടെ നിരീക്ഷണം

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ട് വിധി പറഞ്ഞത്.
ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നുമുളള പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഹൈക്കോടതി പരിഗണിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു.

നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെ അങ്കമാലി കോടതിയില്‍ ദിലീപിനെ ഹാജരാക്കി വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും. മാനെജര്‍ അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

© 2024 Live Kerala News. All Rights Reserved.