‘വൃത്തിയില്ലാത്ത പാന്‍ട്രി കാറുകളും, പഴകിയ ഭക്ഷണവും’; ട്രെയിനുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം ഉപയോഗശൂന്യമെന്ന് സിഐജി കണ്ടെത്തല്‍

ഇന്ത്യന്‍ റയില്‍വേ യാത്രക്കാര്‍ക്കായി വിതരണം ചെയ്യുന്ന ഭക്ഷണം ഉപയോഗശൂന്യമെന്ന് സിഐജി റിപ്പോര്‍ട്ട്. ട്രെയിനുകളിലെ ഭക്ഷണവിതരണത്തില്‍ പല അപാകതകളുള്ളതായും സിഐജി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണവിതരണത്തിനുള്ള കരാര്‍ കുത്തകയായി ഒരു കരാറുകാരന് മാത്രം ലഭിക്കുന്നതും കാറ്ററിങ് സര്‍വ്വീസിങിലെ തകരാറും മൂലം ഭക്ഷണത്തിന്റെ നിലവാരം അതീവ മോശമാകുന്നു എന്നാണ് കണ്ടെത്തല്‍.
സിഐജി ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയില്‍ 75 ശതമാനം യാത്രക്കാരും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വൃത്തിയിലും തൃപ്തരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ശരാശരിയിലും താഴെയാണ് നിലവാരം എന്നാണ് ഭൂരിപക്ഷം യാത്രക്കാരും അഭിപ്രായപ്പെട്ടത്.
ട്രെയിനുകള്‍ക്ക് പുറമേ, റയില്‍വേ സ്റ്റേഷനുകളില്‍ നല്‍കുന്ന ഭക്ഷണവും ഉപയോഗശൂന്യമാണെന്ന് സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന ജ്യൂസുകള്‍, ബിസ്ക്കറ്റുകള്‍, പാലുത്പന്നങ്ങള്‍ എന്നിവ നിലവാരമില്ലാത്തതാണ്. മലീമസമായ ആഹാരവസ്തുക്കളും. കാലാവധി കഴിഞ്ഞ വെള്ളക്കുപ്പികളും, ഭക്ഷണപദാര്‍ത്ഥങ്ങളും, അംഗീകാരമില്ലാത്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും റയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ വില്‍ക്കുന്നുണ്ട്.
11 റയില്‍വേ സോണുകളിലായി 21 സ്റ്റേഷനുകളില്‍ ശുചീകരിച്ച കുടിവെള്ളം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 22 ട്രെയിനുകളില്‍ ചായ, കാപ്പി, സൂപ്പ് എന്നിവയ്ക്കായി മലിന ജലമാണ് ഉപയോഗിക്കുന്നത്.
പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന വെള്ളവും ശുചീകരിച്ചതല്ല. 13 റയില്‍വേ സോണുകളിലായി 32 സ്റ്റേഷനുകളിലെ അടുക്കളകളില്‍ പാചകം ചെയ്യുന്നവര്‍ ക്യാപ്പുകളോ, കൈയുറകളോ ഉപയോഗിക്കുന്നില്ല. ദുരന്തോ എക്സ്പ്രസുകളുടെ ഭക്ഷണം പാകം ചെയ്യുന്ന പാന്‍ട്രി കാറുകളില്‍ എലികളും പാറ്റകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാണികളെയും ചെറുജീവികളെയും തടയുന്നതിന് വേണ്ടി യാതൊരു മാര്‍ഗവും സ്വീകരിച്ചിട്ടില്ല. ഭക്ഷണം അടച്ച് വെയ്ക്കാറില്ല.
വെജിറ്റബിള്‍ കട്ട്ലെറ്റില്‍ നിന്നും യാത്രക്കാരന് ഇരുമ്പാണി ലഭിച്ചെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍പൂര്‍-ഡല്‍ഹി എക്സ്പ്രസില്‍,

ഉപയോഗിക്കാത്ത പഴകിയ പറാത്തയും ചപ്പാത്തിയും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണാവിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകിച്ച് ഒരു മാര്‍ഗവുമിന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രക്കാര്‍ക്ക് പതാരി അറിയിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെങ്കിലും വര്‍ഷങ്ങളായി യാതൊരു നടപടിയും എടുത്തിട്ടില്ല. നിലവാരമില്ലാത്ത ഭക്ഷണത്തിന് അമിത വിലയിടാക്കുന്നു എന്നതാണ് ഭൂരിപക്ഷം പരാതികളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

© 2024 Live Kerala News. All Rights Reserved.