മായാവതിയുടെ പോരാട്ടം തുടരും; അടുത്ത മത്സരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍; സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും

ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സമ്മതിക്കാത്തതില്‍ പൊട്ടിത്തെറിച്ച് രാജ്യസഭാംഗത്വം രാജിവെച്ച ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശിലെ ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. സംയുക്തപ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മായാവതിയെ മത്സരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യനിര യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മായാവതിക്ക് പിന്തുണ നല്‍കാന്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.
ബിജെപി എംപിയായ കേശവ് പ്രസാദ് മൗര്യ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയയതിനെ തുടര്‍ന്നാണ് ഫൂല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒഴിവ് വരുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൂടി കഴിയുന്നതോടെ എംപി സ്ഥാനം കേശവ് പ്രസാദ് മൗര്യ രാജിവെക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലോക്‌സഭാ അംഗത്വം ഇതുവരെ രാജിവെച്ചിട്ടില്ല. രണ്ട് മണ്ഡലങ്ങളിലും ഒരേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന അക്രമങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ പ്രചാരണത്തിനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചെങ്കിലും ബിഎസ്പി തനിച്ച് മത്സരിച്ച് അധികാരത്തിലെത്താമെന്ന വിശ്വാസത്തിലായിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിങ് യാദവ് ഇടഞ്ഞുനില്‍ക്കുക കൂടി ചെയ്തതോടെ ബിജെപി ഇതര വോട്ടുകള്‍ വിലയി തോതില്‍ ഛിന്നഭിന്നമായി.

ബിജെപിക്ക് സംസ്ഥാനത്ത് ചരിത്രത്തിലെ ഉയര്‍ന്ന വിജയം ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ എതിരാളികള്‍ക്കിടയിലെ ഈ ഭിന്നിപ്പ് കൂടിയായിരുന്നു. ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ബിഹാര്‍ മാതൃകയില്‍ മഹാസഖ്യത്തിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മായാവതിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തീരുമാനിച്ചാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കുന്നതില്‍ അറച്ചുനില്‍ക്കാനിടയില്ല.

© 2024 Live Kerala News. All Rights Reserved.