തോറ്റെങ്കിലും റെക്കോര്‍ടിട്ട് മീരാകുമാര്‍; മറികടന്നത് അമ്പത് വര്‍ഷത്തെ ചരിത്രം

രാജ്യത്തെ രണ്ടാമത്തെ ദളിത് രാഷ്ട്രപതി എന്ന ഖ്യാദിയോടുകൂടി കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍ പരാജയത്തിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ആശ്വസിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് നേടിയ എതിരാളിയെന്ന റെക്കോര്‍ഡോടുകൂടിയാണ് മുന്‍ സ്പീക്കര്‍ തോല്‍വി ഏറ്റുവാങ്ങിയത്.
3.67 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് മീരാകുമാര്‍ നേടിയത്. 1967 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സാക്കിര്‍ ഹൂസൈനെതിരെ മത്സരിച്ച മുന്‍ സുപ്രീം കോടതിചീഫ് ജസ്റ്റിസ് സുബ്ബറാവുവിനായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത്. 3.63 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് അദ്ദേഹം നേടിയത്. അമ്പത് വര്‍ഷമായി തകര്‍ക്കാനാകാത്ത ഈ റെക്കോര്‍ടാണ് മീരാ കുമാര്‍ തകര്‍ത്തത്. എന്നാല്‍ ജസ്റ്റിസ് റാവുനേടിയ 43 ശതമാനം വോട്ടു വിഹിതം എന്ന റെക്കോര്‍ട് തകര്‍ക്കാന്‍ മീരാകുമാറിനായിട്ടില്ല. മൊത്തം വോട്ടുകളില്‍ 34 ശതമാനം വോട്ടു നേടാനെ മീരാകുമാറിനായുളളൂ.
66 ശതമാനം വോട്ടാണ് കോവിന്ദിന് ലഭിച്ചത്. ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട പകുതിയിലേറെ രാഷ്ട്രപതിമാര്‍ക്കും ലഭിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടുവിഹിതമാണിത്. ചരിത്രവിജയം എന്ന ബിജെപിയുടെ അവകാശത്തിനേറ്റ തിരിച്ചടിയാണ് ഈ കണക്കുകള്‍.

വിജയിക്കില്ലെന്നുറപ്പിച്ച് തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശയ സമരത്തിനായി മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങളോടുളള എതിര്‍പ്പാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതും മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്തത്തിലേക്ക് നയിച്ചതും. 70 ശതമാനത്തിലേറെ വോട്ടുകള്‍ നേടി കോവിന്ദ് വിജയിക്കുമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടികൂടിയായി മീരാകുമാറിന്റെ വോട്ടു വിഹിതം. പരാജയത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണിതെന്നുറപ്പ്.

© 2024 Live Kerala News. All Rights Reserved.