പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ കണ്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; കേസ് ഡയറി ഹാജരാക്കി; ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലുള്ള വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായി. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയില്‍ പെട്ടവരായതിനാല്‍ പുറത്തിറങ്ങിയാല്‍ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തതും ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന വാദത്തിന് കാരണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ നേരില്‍ കണ്ടതിന് തെളിവുണ്ട്. പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കി.
അതേസമയം സുനില്‍കുമാറുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ: കെ.രാംകുമാര്‍ വാദിച്ചു. പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണെന്നും ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാന് കഴിയുമെന്നും പ്രതിഭാഗം ഹൈക്കോടതിയില്‍ ചോദിച്ചു.
നടി അക്രമിക്കപ്പെട്ടത് സംബന്ധിച്ച ഗൂഢാലോചനാ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ വെക്കുന്നത് നീതീകരിക്കാവുന്നതല്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല. അക്രമിക്കപ്പെട്ട നടി പോലും ദിലീപുമായി വ്യക്തിവിരോധം ഉള്ളതായി പറഞ്ഞിട്ടില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. ഇതെല്ലാം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു പ്രോസിക്യൂഷന്‍. തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് മുന്‍പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം തള്ളിയത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ഇത് നേരത്തേ ആയിപ്പോയെന്നും വിചാരണവേളയിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

© 2024 Live Kerala News. All Rights Reserved.