ജഗ്ഗാ ജാസൂസ് നടി ബിദിഷ ബസ്ബറുവ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അസം ഗായികയും നടിയുമായ ബിദിഷ ബസ്ബറുവയെ ഗുരുഗ്രാമിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഏരിയയിലെ വസതിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ പുറത്തിറങ്ങിയ രണ്‍ബിര്‍ കപൂര്‍-കത്രീന കൈഫ് ചിത്രം ജഗ്ഗാ ജാസൂസില്‍ ഇവര്‍ അഭിനയിച്ചിരുന്നു. നിരവധി സ്റ്റേജ്- റിയാലിറ്റി ഷോകളുടെ അവതാരികയായിരുന്നു ബിദിഷാ.
അടുത്തിടെയാണ് ഇവര്‍ മുംബൈയില്‍ നിന്നും ഗുരുഗ്രാമിലെത്തിയത്. വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. ബെഡ്റൂമിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിയെയാണ് ഈ വീട് ബിദിഷ വാടകയ്ക്ക് എടുത്തത്.
ബിദിഷയെ ഫോണ്‍ ലഭിക്കുന്നില്ലെന്ന് ബിദിഷയുടെ അച്ഛന്‍ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് ഇവരുടെ വസതിയിലെത്തിയത്. സംശയം തോന്നിയതോടെ പൊലീസ് വീടിനകത്ത് കേറി പരിശോധിക്കുകയായിരുന്നു എന്ന് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക്ക് സഹരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീടിന്റെ ഗേറ്റും മുന്‍വാതിലും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ബിദിഷ വിവാഹിതയായിരുന്നു. പ്രണയ വിവാഹിതയായിരുന്ന ബിദിഷയും ഭര്‍ത്താവും തമ്മില്‍ നിരന്തം പ്രശ്നങ്ങളുണ്ടായിരുന്നതായി ബിദിഷയുടെ അച്ഛന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ബിദിഷയുടെ ഫോണ്‍, ഫെയ്സ്ബുക്ക് തുടങ്ങിയവ പൊലീസ് പരിശോധിക്കുകയാണ്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
ആവശ്യമെങ്കില്‍ ബിദിഷയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്നും പൊലീ് അറിയിച്ചു. ബിദിഷയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍, ഹരിയാന മുഖ്യമന്ത്രി ലാല്‍ ഖട്ടാറിനോട് സംസാരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.