ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ തന്നെ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനം. നേരത്തെ തന്നെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇതെവിടെയാണ് വരുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് പ്രദേശത്തായിരിക്കും വിനാനത്താവളം നിര്‍മിക്കുകയെന്ന് സൂചനയുണ്ടായിരുന്നു.
വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കി. മീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കി. മീറ്റര്‍ ദൂരമുണ്ട്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് നിലവില്‍ പാട്ടക്കാലവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്നും തിരിച്ച് പിടിക്കേണ്ടതാണെന്ന് വ്യക്തമാക്കിയും സ്‌പെഷ്യല്‍ ഓഫിസര്‍ എ.ജി രാജമാണിക്യം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബിലിവേഴ്‌സ് ചര്‍ച്ചാകട്ടെ എസ്റ്റേറ്റിന്റെ അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കില്ലെന്നും ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് എസ്റ്റേറ്റില്‍ തന്നെയായിരിക്കും വിമാനത്താവളം നിര്‍മിക്കുക എന്ന് മന്ത്രിസഭ വ്യക്തമാക്കിയത്.