‘ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറി’; ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് ജില്ലാ കളക്ടര്‍. സംഭവത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് നല്‍കി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ദിലീപ് തിയ്യേറ്റര്‍ പണിതെന്നായിരുന്നു ആരോപണം. ഇത് പരിശോധിക്കാന്‍ റവന്യൂ വകുപ്പ് ജില്ലാകളക്ടര്‍ എ കൗശികിനെ ചുമതലപ്പെടുത്തിയിരുന്നു. 1956 മുതലുളള രേഖകള്‍ പരിശോധിച്ചാണ് തിയ്യേറ്റര്‍ പണിതത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നു.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്.
ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്. നേരത്തെ തിയറ്റര്‍ നിര്‍മ്മാണവേളയില്‍ പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടമായ ജില്ലാകലക്ടറെ സമീപിച്ചിരുന്നു. അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.