മോഡി മന്ത്രിസഭ വികസനം വര്‍ഷകാല സമ്മേളനത്തിന് ശേഷം; പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കുമെന്ന് സൂചന

പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രിയായും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായും വിട്ട് നല്‍കേണ്ടി വന്നതിനാല്‍ കേന്ദ്രമന്ത്രി സഭ വികസനം ഉടന്‍ നടക്കും. കേന്ദ്രമന്ത്രി സഭയിലെ പ്രധാനിയായിരുന്ന വെങ്കയ്യ നായിഡുവിനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് മന്ത്രി സഭ വികസിപ്പിക്കുമെന്നതില്‍ സ്ഥീരികണമുണ്ടായത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം പുനസംഘടന നടക്കുമെന്നാണ് കരുതുന്നത്. വെങ്കയ്യ നായിഡു സ്ഥാനമൊഴിയുന്ന നഗര വികസന വകുപ്പ് നരേന്ദ്ര സിംഗ് തോമര്‍ ഏറ്റെടുക്കും. വിവര സാങ്കേതിക-വാര്‍ത്താപ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനി ഏറ്റെടുക്കും.
പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ വെങ്കയ്യ നായിഡുവും സ്ഥാനമൊഴിഞ്ഞു. ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയാണ് നിലവില്‍ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ മാധവ് ദവെ മരണപ്പെട്ടതിനാല്‍ വിവര സാങ്കേതി വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനാണ് പരിസ്ഥിതി വകുപ്പിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കേന്ദ്രമന്ത്രി സഭയിലെ പ്രധാനിയായിരുന്ന എം വെങ്കയ്യ നായിഡു സ്ഥാനമൊഴിയുന്നത് മന്ത്രിസഭയ്ക്ക് ക്ഷീണമാണെന്നാണ് പൊതുവേ വിലയിരുത്തല്‍. ഇതൊഴിവാക്കുന്നതിന് വേണ്ടി മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തന്നതിനെ പറ്റി ബിജെപി ആലോചിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിന് മുമ്പ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്സറ്റൈല്‍ വകുപ്പിലേക്ക് മാറ്റി പ്രകാശ് ജാവേദ്കറിനെ നിയമിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.