‘സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ല’; കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ നഴ്സിങ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; പരിയാരത്ത് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല

സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്ന പരിയാരം നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ കളക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറായില്ല. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ച് ഇവര്‍ കോളേജിന് മുന്നില്‍ മുദ്രാവാക്യവിളികളുമായി പ്രതിഷേധിക്കുകയാണ്. നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്താന്‍ വിസമ്മതിച്ചാല്‍ കോഴ്സുകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു.
നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കള്കടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്സിങ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിച്ചു. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്സിങ് സ്കൂളുകളിലെ വിദ്യാര്‍ഥികളെ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് വിദ്യാർഥികളെ ജോലിക്ക് എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ (ഐഎൻഎ) സമരം തുടരുകയാണ്.

നഴ്സിങ് കോളജുകളിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ജോലി ചെയ്യുന്നത്. കലക്ടറുടെ കർശന നിര്‍ദേശമുള്ളതിനാൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് മാത്രമാണ് നഴ്സിങ് കോളജുകളിൽ ക്ലാസുണ്ടാവുക. സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരും ജോലികൾക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. അതിനാലാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരം തുടരുകയാണ്.

ജോലിക്കെത്തുന്ന വിദ്യാർഥികൾക്ക് 150 രൂപ വീതം പ്രതിഫലം നൽകണമെന്നാണ് കലക്ടറുടെ നിർദേശം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎൻഎ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ആരോപിച്ചു

© 2024 Live Kerala News. All Rights Reserved.