പശുവിനെ കൊന്നാല്‍ കിട്ടുന്ന ശിക്ഷ അഞ്ച് മുതല്‍ 14 വരെ തടവെങ്കിലും മനുഷ്യനെ കൊന്നാല്‍ ലഭിക്കുന്നത് 2 വര്‍ഷം തടവ്. ഇതെന്ത് നീതിയെന്ന് അത്ഭുതപ്പെട്ടത് സാധാരണക്കാരനല്ല. ജഡ്ജിയാണ്. അതും വിധിപ്രസ്താവത്തില്‍. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ വ്യവസായിയുടെ മകന് ശിക്ഷ വിധിക്കുകയായിരുന്നു ഡല്‍ഹി ജഡ്ജി സഞ്ചീവ് കുമാര്‍. പശുവിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മനുഷ്യജീവനെടുക്കുന്നവരെക്കാള്‍ വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്ന് വിധിപ്രസ്താവത്തില്‍ വിമര്‍ശനമുന്നയിച്ചത്.
അഞ്ച് വര്‍ഷം തടവാണ് പശുവിനെ കൊന്നതിന് ശിക്ഷയായി ചില സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെങ്കില്‍, ഏഴ് വര്‍ഷവും, പതിനാല്‍ വര്‍ഷവും മറ്റ് ചില സംസ്ഥാനങ്ങളില്‍ ശിക്ഷയായി നല്‍കുന്നു. പക്ഷെ അശ്രദ്ധയോടെ വണ്ടിയോടിച്ച് ഒരാളുടെ ജീവന്‍ എടുത്താന്‍ കിട്ടാവുന്ന ശിക്, രണ്ട് വര്‍ഷമാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ചീവ് കുമാര്‍ വിധിയില്‍ പറയുന്നു.
2008ല്‍ അശ്രദ്ധമായി ആഡംബര കാറോടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന്റെ മരണത്തിന് ഇടയാക്കിയ പ്രമുഖ ഹരിയാന വ്യവസായിയുടെ മകന്‍ ഉത്സവ് ഭാസിന് ശിക്ഷ വിധിക്കുകയായിരുന്നു അദ്ദേഹം. പത്ത് ലക്ഷം രൂപ കൊലപ്പെട്ടയാളുടെ കുടുംബത്തിനും 2 ലക്ഷം രൂപ പരിക്കേറ്റയാളിനും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.
2008 സെപ്തംബര്‍ 11നായിരുന്നു കേസിനാസ്പദമായ അപകടം. ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന ഭാസിന്‍ ഓടിച്ചിരുന്ന കാര്‍ സൗത്ത് ഡല്‍ഹിയില്‍ വെച്ച് അതിവേഗത്തില്‍ പാഞ്ഞ് വന്ന് അനുജ് ചൗഹാന്‍, മൃഗാഹങ്ക് ശ്രീവാസ്തവ് എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഭാസിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിനടിയില്‍ ഇവര്‍ പെട്ടു പോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനൂജ് മരണപ്പെട്ടു. പരിക്കുകളോടെ മൃഗാങ്ക് രക്ഷപ്പെട്ടു. അപകടശേഷം ചത്തിഗഡിലേക്ക് കടക്കാന്‍ ശ്രമിച്ച ഭാസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വര്‍ഷം മെയില്‍ ഭാസിന്‍ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചിരുന്നെങ്കിലും ശനിയാഴ്ചചയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപയുടെ ജാമ്യവും ഭാസിന് ലഭിച്ചു. നേരത്തെ മനപ്പൂര്‍വ്വ നരഹത്യയ്ക്ക് ഭാസിനെതിരെ കേസെടുത്തിരുന്നു.
കേസിലെ വിധി പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇത്. ‘മനുഷ്യന്‍ വിചാരിച്ചാല്‍ വേണമെങ്കില്‍ അവന്റെ വിധി മാറ്റിയെഴുതാം, ലോകത്തിന്റെ തന്നെ ചിത്രം മാറ്റാം, അതിനുള്ള നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍’ – സിദഗി ഔര്‍ തൂഫാന്‍ എന്ന ചലച്ചിത്രത്തിലെ ഗാനത്തിന്റെ വരികളും വിധിയിലുണ്ട്.
2015ല്‍ മാത്രം ഇന്ത്യയില്‍ 4.64 ലക്ഷം റോഡ് അപകടങ്ങളുണ്ടായെന്നും ഇന്ത്യയില്‍ നാണക്കേടുണ്ടാകുന്ന തരത്തില്‍ റോഡ് അപകങ്ങള്‍ വര്‍ധിക്കുകയാണെന്നും കോടതി നീരിക്ഷിക്കുകയും ചെയ്തു.