‘ദിലീപിനെ കൂവുന്നത് തൊഴിലില്ലാത്ത ചെറുപ്പക്കാര്‍’; അവരെ ഓര്‍ത്ത് ദുഃഖിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെതിരെ ജനങ്ങളില്‍ നിന്നുണ്ടാകുന്ന കൂവലുകള്‍ക്ക് കാരണം തൊഴിലില്ലായ്മയാണെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍. കൈരളി പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴുമെല്ലാം ജനങ്ങള്‍ കൂവിവിളിച്ചും പരിഹസിച്ചുമായിരുന്നു വരവേറ്റിരുന്നത്. ഇതിനെതിരെയാണ് രാംകുമാറിന്റെ പരാമര്‍ശം.
ദിലീപിനെ പോലൊരു പ്രശസ്തനായ സിനിമാതാരം ഇതുപോലൊരു കഷ്ടസ്ഥിതിയില്‍ എത്തുമ്പോള്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആളുകള്‍ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. പക്ഷേ ഒരാള്‍ കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ എന്തോ കുറ്റം ചെയ്‌തെന്ന മട്ടില്‍ കുക്കി വിളിക്കന്നത് രണ്ടു കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിലൊന്ന് ഇത്തരത്തില്‍ ചെയ്യുന്ന ആളുകളുടെ സംസ്‌കാര ശൂന്യത. രണ്ടാമത്തേത് തൊഴിലില്ലാത്ത ആളുകള്‍ ഇത്രയധികം കേരളത്തിലുണ്ടെന്നത്.
എല്ലാ സ്ഥലത്തും ഇത് പ്രകടമായികൊണ്ടിരിക്കുകയാണ്. കാലത്ത് 11 മണിക്ക് കോടതിയില്‍ വരുമ്പോഴും അത് കഴിഞ്ഞു തിരിച്ചുകൊണ്ടുപോകുമ്പോഴും ഇവരിങ്ങനെ കൂവുകയാണ്. യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്ന ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി കോടതിയില്‍ ദിലീപിനായി വാദിക്കാന്‍ എത്തിയപ്പോള്‍ രാംകുമാറിനെതിരെയും കൂവലുകളുയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.