‘മൊബൈല്‍ പിടിച്ചെടുത്ത് തെളിവുണ്ടാക്കാനുള്ള പൊലീസ് നീക്കം പൊളിച്ചു’; ദിലീപിനെ പുറത്തിറക്കാനുള്ള അഡ്വ. രാംകുമാറിന്റെ വാദങ്ങള്‍ ഇങ്ങനെ

നടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടാത്ത അങ്കമാലി കോടതി വിധി തിരിച്ചടിയല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിനെതിരെ ഇതുവരെ ഒരു സാക്ഷിയെപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും തെളിവുകളില്ലെന്നും രാംകുമാര്‍ കൈരളി പിപ്പീള്‍ ടിവിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി. അദ്ദേഹം ചാനലില്‍ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെ…
1. മജിസ്‌ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാന്‍ അനുവാദമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആ നിലയ്ക്ക് അവിടെ നിന്നും ജാമ്യം തരാന്‍ അധികാരമില്ലെന്ന് പറയുന്നില്ല. പക്ഷെ അസാധാരണമായ കേസുകളില്‍ മാത്രമെ ഇങ്ങനെ ചെയ്യുകയുളളു. പൊലീസ് എഴുതിയിരിക്കുന്നത് ഗൗരവമുളള കുറ്റകൃത്യങ്ങളാണ്. ജാമ്യം എന്നുളളത് വിവേചനാധികാരത്തിന്റെ പരിധിയില്‍ വരുന്നതാണ്. കോടതിക്ക് വേണമെങ്കില്‍ നിഷേധിക്കാനും തരാനും അര്‍ഹതയുണ്ട്. പക്ഷേ ഇപ്പോഴത്തെ സുപ്രീംകോടതി ട്രെന്‍ഡ് അനുസരിച്് ദീര്‍ഘകാലം കുറ്റാരോപിതനായ ആളെ ജയിലില്‍ വെക്കുന്നത് ശരിയല്ലെന്നാണ്. അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
2. പ്രോസിക്യൂഷന്‍ ഉന്നയിച്ച ഒരു പ്രധാനവാദം ജാമ്യം ലഭിച്ചാല്‍ പ്രതി വീണ്ടും ഭീഷണിപ്പെടുത്താനും സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും ശ്രമിക്കുമെന്നാണ്.പക്ഷേ അത് എന്ത് അടിസ്ഥാനത്തിലാണ് എന്നത് പ്രോസിക്യൂഷനോ വിധിയിലോ പറഞ്ഞിട്ടില്ല. ആരാണ് ഭീഷണിപ്പെടുത്തുന്നത്? ജയിലില്‍ ഇരിക്കുന്നയാള്‍ എങ്ങനെ ഭീഷണിപ്പെടുത്തും? പ്രതി ആയിക്കഴിഞ്ഞ് അഞ്ചു ദിവസമെ ആയിട്ടുളളു. അതിന് മുന്‍പ് പ്രതിയായിട്ടില്ലല്ലോ. ഈ 5 ദിവസം ദിലീപ് എങ്ങനെ ഭീഷണിപ്പെടുത്തും ആരെ ഭീഷണിപ്പെടുത്തും?.
3. ദിലീപിന് അനുകൂലമായ പ്രചാരണം ഉണ്ടാകുന്നുവെന്ന് പറയുന്നു. കൂടാതെ പണമൊഴുക്കി ദിലീപ് സ്വാധീനിച്ചിട്ടുണ്ടെന്നും. അതോടൊപ്പം തന്നെ ദിലീപിനെ എല്ലായിടത്തും കൂവി വിളിക്കുന്നവരും ഉണ്ടല്ലോ. അവരൊന്നും സ്വാധീനം ചെലുത്തില്ലേ.ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നിടങ്ങളിലൊക്കെ ആരോ ഏര്‍പ്പാട് ചെയ്തമാതിരി കൂവി വിളിക്കാന്‍ ആളുകളുണ്ടല്ലോ.അത്തരം എതിര്‍പ്പുളളയാളുകളെ സ്വാധീനിക്കാന്‍ എങ്ങനെ സ്വാധീനിക്കും. അതുകൊണ്ടു തന്നെ ഞാന്‍ സ്വാധിനിക്കുന്നു എന്ന പ്രോസിക്യൂഷന്റെ വാദം ഗൗരവമായിട്ട് എടുത്തിരുന്നില്ല.
4. കോടതിയില്‍ ഞാന്‍ പ്രധാനമായും പറഞ്ഞത് പ്രോസിക്യൂഷന്‍ എഴുതിക്കൊടുത്ത സ്‌റ്റേറ്റ്‌മെന്റുകളിലൊന്നും ദിലീപുമായി ബന്ധപ്പെടുത്തുന്ന ഒരു വസ്തുതകളും രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. ദിലീപിനെതിരെ എന്താണ് തെളിവ് എന്താണെന്നുളളത് ഏതൊരു വ്യക്തിക്കും തെരയേണ്ടി വരും. അതിനെക്കുറിച്ച് നിര്‍ഭാഗ്യവശാല്‍ മജിസ്‌ടേറ്റ് പരാമര്‍ശിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് കേസിന്റെ രണ്ടു വരികളിലാണ് ജാമ്യാപേക്ഷ തളളിയത്.
5. പ്രോസിക്യൂഷന്‍ പറയുന്നത് കേസ് ഡയറി ഹാജരാക്കിയെന്നാണ്. കേസ് ഡയറി എന്നത് തെളിവല്ലാ, പൊലീസ് അന്വേഷണത്തിന്റെ നാള്‍ വഴിയാണ്. അതൊരിക്കവും തെളിവല്ല. തെളിവാക്കാന്‍ പാടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ആക്റ്റിലെ 162ാം വകുപ്പ് പറയുന്നുണ്ട്. തെളിവ് നിയമത്തിലെ 162ാം വകുപ്പ് പ്രകാരം പൊലീസിന് കൊടുക്കുന്ന മൊഴികള്‍ തെളിവല്ല.
6. ദിലീപിന്റെ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയ തെളിവ് കോടതിയില്‍ എത്തിക്കാനോ അത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ദിലീപിന്റെ വീട്ടില്‍ ഇന്നുചെന്ന് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് തെളിവുണ്ടാക്കാനുളള ശ്രമം നടത്തി അത് പൊളിഞ്ഞു. കാരണം മൊബൈല്‍ നമ്മള്‍ കോടതിയില്‍ ഹാജരാക്കി.സ്വാഭാവികമായും പൊലീസിന്റെ രീതികള്‍ അറിയാവുന്ന ആളുകള്‍ക്ക് ദിലീപിന്റെ വീട്ടില്‍ നിന്നും ഏതെങ്കിലും ടെലിഫോണ്‍ കണ്ടെടുത്ത് അതില്‍ മെമ്മറി കാര്‍ഡ് വെച്ച് കോടതിയില്‍ ഹാജരാക്കാന്‍ ശ്രമം നടത്തും എന്നാലോചിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടാ.അത് തടയാനാണ് സ്വയമേവ എന്റെ മൊബൈല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നു എന്നും കോടതി ഫോറന്‍സിക് എക്‌സ്‌പെര്‍ട്ടിനെ അയച്ച് തെളിവായി സ്വീകരിച്ച് ഇഷ്ടമുളളത് ചെയ്യാം. ഒന്നെങ്കില്‍ തിരിച്ച് തരാം അല്ലെങ്കില്‍ പൊലീസിന് കൊടുക്കാം. അതേസമയം പൊലീസിന് മൊബൈല്‍ കൈകാര്യം ചെയ്യാനുളള സൗകര്യം അവസാനിച്ചുവെന്നത് ശരിയാണ്.സ്വയരക്ഷയ്ക്ക് വേണ്ടിഎടുത്തതാണ്. കാരണം കളവായിട്ടൊരു തെളിവ് പൊലീസ് ഉണ്ടാക്കാന്‍ പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പ്രതിരോധിക്കാനുളള അവകാശമുണ്ട്. ദിലീപ് പ്രതീക്ഷിച്ച മാതിരി ഇന്ന് അവിടെ റെയ്ഡ് നടന്നു മകളുടെ ഐപാഡോ എന്തൊക്കെയോ എടുത്ത് കൊണ്ടുപോയി വേറൊന്നും കിട്ടിയില്ല അവിടെ നിന്നും.
7. പിന്നെയുളള പൊലീസിന്റെ നീക്കം അപ്പുണ്ണി വഴി ബന്ധപ്പെടുത്താനാണ്. അതും നടന്നില്ല.രണ്ടുമൂന്ന് തവണ അപ്പുണ്ണിയെ ചോദ്യം ചെയ്ത് കഴിഞ്ഞതാണ്. അപ്പുണ്ണിക്ക് ജയിലില്‍ ഇരിക്കുന്ന കുറ്റാരോപിതനായ പ്രതി എഴുത്തുകള്‍ എഴുതിയിട്ടുണ്ടെങ്കില്‍, ടെലിഫോണ്‍ ചെയ്തിട്ടുണ്ടേല്‍, അതിനെ സംബന്ധിച്ച് എല്ലാ വിവരങ്ങളും അപ്പുണ്ണി പൊലീസ് ഉദ്യോഗസ്ഥന്‍മാരോട് പറഞ്ഞുകഴിഞ്ഞു.അതിന്റെ അടിസ്ഥാനത്തില്‍ അപ്പുണ്ണിയെ ഒഴിവാക്കിയതാണ്. ഇപ്പോള്‍ പറയുന്നു, അപ്പുണ്ണിക്ക് എല്ലാ വിവരങ്ങളും അറിയാമെന്ന്. സ്വാഭാവികമായിട്ടും അപ്പുണ്ണിക്ക് ഭയമുണ്ടായിരിക്കാം. ദിലീപിന്റെ മാനെജരാണ് അയാള്‍. അയാളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി എവിടെയും പോകാന്‍ പാടില്ല എന്നു പറയാന്‍ ദിലീപിന് അവകാശമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മനസമാധാനം ഇല്ലാതെ അദ്ദേഹം എവിടെയോ ക്ഷേത്ര ദര്‍ശനത്തിന് പോയിരിക്കുകയാണെന്നാണ് അറിഞ്ഞത്.

8. പിന്നെയുളളത് പ്രതീഷ് ചാക്കോയെ കൊണ്ട് മൊബൈല്‍ കൊടുപ്പിച്ചു എന്ന് പൊലീസ് പറയാന്‍ നോക്കി. അതും ഇതുവരെ വിജയപ്രദമായിട്ടില്ല. അപ്പോള്‍ പിന്നെ എന്താണ് തെളിവ്?
9. ജാമ്യം കൊടുക്കുന്നതിന്റെ തത്വങ്ങളെന്താണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അതില്‍ എടുത്ത് പറഞ്ഞൊരു വിധി ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സമൂഹം എങ്ങനെ ഈ കേസിനെപ്പറ്റി ചിന്തിക്കുന്നു എന്നുളളത് അപ്രസക്തമാകണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അതേസമയം കുറ്റത്തിന്റെ ഗൗരവം, സാക്ഷികളെ സ്വാധീനിക്കാനുള സാഹചര്യങ്ങള്‍ ഇതെല്ലാം പ്രസക്തമാണെന്നും പറഞ്ഞിട്ടുണ്ട്.
10. സാക്ഷികളെ സ്വാധീനിക്കാന്‍ എന്നുളള കാര്യം എല്ലാ കോടതികളും അതെഴുതുന്നതാണ് അത് സംബന്ധിച്ച് പരാതിയില്ല. പക്ഷേ സാക്ഷികള്‍ എവിടെ, ഏത് സാക്ഷികളെ ഒറ്റ സാക്ഷികളെ പോലും പ്രോസിക്യൂഷന്‍ അണിനിരത്തിയിട്ടില്ല ആകെയുളള സാക്ഷി പള്‍സര്‍ സുനിയാണ്. പൊലീസ് ലുക്കൗട്ട് നോട്ടീസില്‍ കൊളളക്കേസില്‍ പ്രതിയായിട്ട് അറസ്റ്റ് ചെയ്തയാളാണ്. പണ്ട് പല കേസുകളിലും പ്രതിയായിട്ടുളളയാളാണ്. അയാളെ സ്വാധീനിക്കാന്‍ ദിലീപിന് പറ്റുമോ, അങ്ങനെ പറ്റുമായിരുന്നെങ്കില്‍ ദിലീപ് ഇന്ന് പ്രതിയാകുമായിരുന്നില്ലല്ലോ?
11. ഈ കേസുമായി ബന്ധപ്പെട്ട് 2017 ഏപ്രില്‍മാസം 17ാം തിയതി പൊലീസ് ആലുവ കോടതിയില്‍ ചാര്‍ജ് ഷീറ്റ് കൊടുത്തു. അതില്‍ ഒരു സ്ഥലത്തും ദിലീപിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. കേസില്‍ അഞ്ചുപ്രതികളാണുളളത് അന്ന്. പൊലീസ് കൊടുത്ത റിപ്പോര്‍ട്ടാണിത്. അതിനുശേഷമാണ് ജയിലില്‍ വെച്ചുളള ഗൂഢാലോചന വരുന്നത്.

© 2024 Live Kerala News. All Rights Reserved.