എല്ലാവര്‍ക്കും ബീഫ് കഴിക്കുന്നതിനുള്ള അവകാശമുണ്ട്’; ഗോ രക്ഷയുടെ പേരില്‍ അക്രമം തുടര്‍ന്നാല്‍ തെരുവില്‍ കാണാമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രി രാംദാസ് അതാവാലെ . പശു സംരക്ഷണത്തിന്റെ പേരില്‍ ഇനിയും അക്രമം തുടര്‍ന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായ തന്റെ പാര്‍ട്ടി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തെരുവില്‍ അവരെ നേരിടുമെന്നും രാംദാസ് മുന്നറിയിപ്പ് നല്‍കി.

‘എല്ലാ മനുഷ്യര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം. അവരെന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആര്‍ക്കെങ്കിലും ഇറച്ചി കഴിക്കണം എന്നുണ്ടെങ്കില്‍ അത് അവരുടെ അവകാശമാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍, ആളുകളെ തടഞ്ഞും മര്‍ദിച്ചും അക്രമം തുടരുകയാണ്. ധാരാളം നിരപരാധികള്‍ക്ക് ജീവന് നഷ്‍ടപ്പെട്ടു. ഇത് ന്യായീകരിക്കാനാവില്ല.’

രാംദാസ് അതാവാലെ, കേന്ദ്ര സാമൂഹ്യ നീതി മന്ത്രി

പശുയിറച്ചി കടത്തിയെന്ന് ആരോപിച്ച് നാഗ്പൂരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് കൂടിയായ മുസ്ലിം യുവാവിനെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തെ രാംദാസ് രൂക്ഷമായി വിമര്‍ശിച്ചു. ആട്ടിറച്ചി വിലയേറിയതായതിനാല്‍ ആളുകള്‍ പശുയിറച്ചിയും പോത്തിറച്ചിയും കഴിക്കും. ഗോ രക്ഷ എന്ന പേരില്‍ മനുഷ്യനെ തിന്നുവരാകുന്നത് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോഡിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗോ രക്ഷയുടെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.