ഒളിവില്‍ പോയ അപ്പുണ്ണിയും പ്രതിയാകും; തിരച്ചില്‍ ഊര്‍ജിതം; ദിലീപിന്റെ ചോദ്യം ചെയ്യല്‍ അരങ്ങേറിയത് നാലുഘട്ടങ്ങളിലായി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയും പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി തിരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്.
പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇതിനെ തുടര്‍ന്നാണ് അപ്പുണ്ണി ഒളിവില്‍ പോയതായി പൊലീസ് അനുമാനിച്ചത്. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ പൊലീസ് ഒരുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോകുന്നത്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് ആലോചനയുണ്ടായിരുന്നു. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ നടന്‍ ദിലീപിനെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഇതുവരെ ആറു സ്ഥലങ്ങളിലായിട്ടാണ് തെളിവെടുപ്പ് നടന്നത്. നാലുഘട്ടങ്ങളിലായുളള ചോദ്യം ചെയ്യലും അരങ്ങേറിയിരുന്നു.

© 2024 Live Kerala News. All Rights Reserved.