പ്രവാസി വോട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒരാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണം. അടുത്ത വെള്ളിയാഴ്ചക്കുളളില്‍ നിലപാടറിയിച്ചില്ലെങ്കില്‍ സ്വമേധയാ ഉത്തരവിടും. നിയമഭേദഗതിയാണോ ചട്ടഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രവാസി വോട്ടിനുളള നിയമഭേദഗതി കേന്ദ്രം കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുളളില്‍ നടപ്പക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. നിലവില്‍ സൈനികര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിനുളള സൗകര്യമുളളത്.
ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപെടുത്തി തപാലായി അയക്കുന്ന ഇ തപാല്‍ സംവിധാനം വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.