‘തെറ്റുകാരനല്ലെന്ന് ദിലീപ് ആലുവ തേവരുടെ മുന്നില്‍ സത്യം ചെയ്തു; അന്വേഷണവുമായി സഹകരിക്കും’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളത് എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ട്. കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്തു. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞു കുറ്റക്കാരനാണെങ്കില്‍ ന്യായീകരിക്കുന്നില്ല, ശിക്ഷിക്കപെടണമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപുമായി റിയല്‍എസ്റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ല. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ദിലീപീനോട് അടുത്ത സൗഹൃദം പുലര്‍ത്തുന്ന അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ നാളെ അഞ്ചുമണിവരെയാണ് കോടതി കസ്റ്റഡി കാലാവധി അനുവദിച്ചത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.
ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

© 2024 Live Kerala News. All Rights Reserved.