സിക്കിം അതിര്‍ത്തി സംഘര്‍ഷം; സര്‍വ്വകക്ഷി യോഗം വിളിച്ച് മന്ത്രിമാരായ സുഷമയും രാജ്നാഥ് സിങ്ങും; പ്രതിപക്ഷത്തെ സാഹചര്യം ബോധ്യപ്പെടുത്തും

ന്യൂഡല്‍ഹി: ചെനയുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഒരുമാസമായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം. പാര്‍ലമെന്റ് മഴക്കാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് സുപ്രധാന വിഷയങ്ങളിലെ രാജ്യത്തിന്റെ നിലപാട് അറിയിക്കാനും പ്രതിപക്ഷത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കൂടിയാണ് മീറ്റിങ്ങ്.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച്ച. ഡോക്‌ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ചൈന നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ജൂണില്‍ ചൈനയുടെ ഡോക്‌ലയിലെ റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈനികര്‍ ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രദേശത്താണ് റോഡ് നിര്‍മ്മിക്കുന്നതെന്നും ഇതിന് അവകാശമുണ്ടെന്നുമാണ് ചൈനയുടെ അവകാശവാദം. നേരത്തെ പ്രശ്‌നം വഷളാകുന്നതിന് മുന്‍പ് സേനയെ പിന്‍വലിക്കണമെന്ന് ചൈനീസ് ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ ബീജിങ്ങ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറെല്ലന്നും മുഖപ്രസംഗത്തില്‍ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
ജര്‍മ്മനിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ചെെനീസ് പ്രധാനമന്ത്രി ഷി ജി പിങും തമ്മില്‍ കൂടിക്കാഴ്ച്ച ഉണ്ടാകില്ലെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും ഇരുവരും നേരില്‍ കണ്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.