‘ഭരണത്തില്‍ തച്ചങ്കരിയിരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേ?’; അനധികൃത നിയമനത്തിനെതിരെ വീണ്ടും ഹൈക്കോടതി

പൊലീസ് ആസ്ഥാനത്ത് എഡിജിപി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിനെ ചോദ്യം ചെയ്ത വീണ്ടും ഹൈക്കോടതി. ഭരണത്തില്‍ തച്ചങ്കരിയിരിക്കുന്നത് തച്ചങ്കരിക്കെതിരായ അന്വേഷണത്തെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തച്ചങ്കരിയെ നിയമിച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ് എന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണന നിര്‍വഹണ ചുമതലയുള്ള എഡിജിപിയായി നിയമിച്ചത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ തച്ചങ്കരിയ ന്യായീകരിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ആരോപണ വിധേയനായ തച്ചങ്കരിയെ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് കോടതി മുമ്പ് ചോദിച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ടിപി സെന്‍കുമാര്‍ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. സെന്‍കുമാര്‍ ഡിജിപിയാകുന്ന സാഹചര്യത്തില്‍, പൊലീസിനെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആരോപണവിധേയനായ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചത് ഡിജിപി ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ ആണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിന് രണ്ടുദിവസം മുമ്പ്, 2017 മെയ് നാലിനായിരുന്നു ഉന്നത പൊലീസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ കൂട്ട അഴിച്ചുപണി നടത്തിയത്.

© 2024 Live Kerala News. All Rights Reserved.