പ്ലാച്ചിമടയില്‍ നിന്ന് കൊക്കകോള പൂട്ടിക്കെട്ടുന്നു; പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ ഒരു ഉദ്ദേശവുമില്ലെന്ന് സുപ്രീംകോടതിയില്‍ കമ്പനി

പ്ലാച്ചിമടയില്‍ വീണ്ടും പുതിയ ഫാക്ടറി തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള കമ്പനി. പുതിയ ഫാക്ടറി തുറക്കാനോ പുനരാരംഭിക്കാനോ ഒരു ഉദ്ദേശവും ഇല്ലെന്ന് കൊക്കകോള കമ്പനി സുപ്രിം കോടതിയെ അറിയിച്ചു. ഇതോടെ വിഷയത്തില്‍ കമ്പനിയ്ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.
അനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്ത് നടപടിയെ കോടതിയില്‍ കൊക്കകോള കമ്പനി ചോദ്യം ചെയ്തില്ല. വിഷയത്തില്‍ മുന്നോട്ടില്ലെന്നും ഫാക്ടറി തുറക്കാന്‍ കമ്പനിയ്ക്ക് ഉദ്ദേശമില്ലെന്നും കൊക്കകോള കമ്പനി സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
ജനകീയ സമരത്തെതുടര്‍ന്ന് 13 വര്‍ഷമായി പ്ലാച്ചിമടിയിലെ കൊക്കകോള ഫാക്ടറി അടച്ചിട്ടിരിക്കുകയാണ്. കമ്പനി സൃഷ്ടിച്ച കുടിവെള്ള പ്രശ്നമുള്‍പ്പെടെയുള്ളവയുടെ അവശേഷിപ്പുകള്‍ ഇപ്പോഴും ഇവിടുത്തുകാര്‍ പേറുന്നുണ്ട്. 2002 ഏ്പ്രില്‍ 22 നാണ് കമ്പനിയുടെ ജല ചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങള്‍ സമരം തുടങ്ങിയത്. 2000ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊക്കകോള പ്ലാന്റ് ജലമൂറ്റുന്നതിലായിരുന്നു പ്രതിഷേധം.
ഗ്രാമത്തെ വിഷലിപ്തമാക്കിയ കൊക്കകോള കമ്പനിയെ കുറ്റവിചാരണ ചെയ്യുക, ആവാസവ്യവസ്ഥയെ നശിപ്പിച്ച് കൊക്കകോള കമ്പനി നഷ്ടപരിഹാരം നല്‍കി പുറത്തു പോകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങള്‍ സമരം ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.