കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്റെ അപേക്ഷ സ്വീകരിച്ച് കസ്റ്റഡി അനുവദിച്ചത്. മുന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തേക്കാണ് കോടതി അനുമതി നല്‍കിയതും. ദിലീപിനായി അഡ്വ.രാംകുമാറാണ് കോടതിയില്‍ ഹാജരായത്. ആലുവ സബ്ജയിലില്‍ നിന്നും ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂവി വിളികളുമായിട്ടാണ് ജനം വരവേറ്റത്. ദിലീപിനെതിരായ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു. ദിലീപിന് പിന്നാലെ കോടതിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാംകുമാറിനെയും കൂവി വിളിച്ചാണ് ജനങ്ങള്‍ വരവേറ്റത്. കോടതിയും പരിസരവും ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ജാമ്യാപേക്ഷ തുറന്ന കോടതിയിലായിരിക്കും പരിഗണിക്കുക.
നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണു പൊലീസ്. കേസിലെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതും.
ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഇന്നലെ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ആലുവ സബ്ജയിലിലായിരുന്നു ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയത്.